സഞ്ജുവിനില്ലാത്ത എന്താണ് അവനുള്ളത്, സഞ്ജുവിനെ അടക്കം തഴഞ്ഞ് അവനെ എന്തിന് ടീമിലെടുക്കുന്നു; സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
സഞ്ജു സാംസണ്‍, ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളെ തഴഞ്ഞ് ശ്രേയസ് അയ്യരെ ടി-20 ടീമിലേക്ക് തെരഞ്ഞെടുത്ത ബി.സി.സി.ഐയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്.
മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്ന ബാറ്റര്‍മാര്‍ ഉണ്ടെന്നിരിക്കെ ശ്രേയസ് അയ്യരെ എന്തിനാണ് ഈ വിധം പരിഗണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയ്യര്‍ സ്‌കോര്‍ കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. ബ്രയാന്‍ ലാറ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 190 റണ്‍സെടുത്തപ്പോള്‍ ഒറ്റ റണ്‍ പോലുമെടുക്കാതെയാണ് അയ്യര്‍ പുറത്തായത്.
അഞ്ചാം ഓവറില്‍ ഓപ്പണര്‍ സൂര്യകുമാര്‍ യാദവിനെ അകീല്‍ ഹൊസൈന്‍ മടക്കിയപ്പോള്‍ വണ്‍ ഡൗണായിട്ടായിരുന്നു അയ്യര്‍ ക്രീസിലെത്തിയത്. നാല് പന്ത് നേരിട്ട് അയ്യര്‍ ഒറ്റ റണ്‍ പോലും സ്‌കോര്‍ ചെയ്യാതെ കരീബിയന്‍ പേസര്‍ ഒബെഡ് മക്കോയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.
വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പായി ഇന്ത്യന്‍ ടീം മികച്ച സ്‌ക്വാഡിനെ തന്നെ കണ്ടെത്തണമെന്നും അതില്‍ ഒരു വീഴ്ച്ചയും വരാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു.
Some of the selection calls keeping the upcoming World T20 in mind are worth pondering. Shreyas Iyer in T20 cricket when you have Sanju Samson, Hooda and Ishan Kishan in the team is bizarre. With Virat, Rohit and Rahul definite starters ,need to work on getting right balance.
അതേസമയം, ആദ്യ ടി-20യില്‍ ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയിരുന്നു. രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും സൂര്യകുമാര്‍ യാദവ്, ആര്‍. അശ്വിന്‍, റിഷബ് പന്ത് തുടങ്ങിയവരുടെ സംഭാവനയുമാണ് ഇന്ത്യയെ 190 എന്ന സ്‌കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിരയിലെ ഒരാള്‍ക്ക് പോലും തിളങ്ങാനായില്ല. 20 റണ്‍സെടുത്ത ഓപ്പണര്‍ ഷമാര്‍ ബ്രൂക്‌സാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.
റണ്‍സ് വിട്ടുനല്‍കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കരീബിയന്‍ പോരാട്ടം 122 റണ്‍സില്‍ അവസാനിച്ചു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളി കഴിഞ്ഞപ്പോള്‍ ഇന്ത് 1-0ന് മുമ്പിലാണ്.
ആഗസ്റ്റ് 1നാണ് പരമ്പയിലെ രണ്ടാം മത്സരം. വാര്‍ണര്‍ പാര്‍ക്കാണ് വേദി.
Content Highlight: Former Indian pacer Venkatesh Prasad against the selection committee for including Shreyas Iyer in team while excluding Sanju Samson, Ishan Kishan and Deepak Hooda.