ഒരുത്തന്‍ വന്നു, അവന് വയറുനിറയെ കിട്ടി, ഇനി ചെണ്ടയാവാനുള്ളത് ബുംറ; ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി സൂപ്പര്‍ താരം
Sports News
ഒരുത്തന്‍ വന്നു, അവന് വയറുനിറയെ കിട്ടി, ഇനി ചെണ്ടയാവാനുള്ളത് ബുംറ; ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd September 2022, 6:45 pm

വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പായി ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍.പി. സിങ്. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ബുംറയും റണ്‍സ് വഴങ്ങുമെന്നാണ് ആര്‍. പി. സിങ് പറഞ്ഞത്.

ഏറെ നാളുകള്‍ക്ക് ശേഷമാണ് ബുംറ ഇന്ത്യയുടെ ഇലവനിലേക്ക് മടങ്ങിയെത്തുന്നതെന്നും ഇതുകാരണം തന്നെ അദ്ദേഹത്തിന് ഒരുപാട് റണ്‍സ് വഴങ്ങേണ്ടി വരുമെന്നുമാണ് ആര്‍. പി. സിങ് പറയുന്നത്.

ക്രിക്ബസ്സിനോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

‘ഐ.സി.സി ടി-20 ലോകകപ്പിന് മുമ്പ് തന്നെ ഇന്ത്യയുടെ കാര്യം ഒട്ടും ശുഭകരമല്ല. ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുംറയും ടീമിലില്ലാത്തതുകൊണ്ടാണ് നമ്മള്‍ ഏഷ്യാ കപ്പില്‍ തോറ്റതെന്ന് എല്ലാവരും കരുതി. ഹര്‍ഷല്‍ ടീമിനൊപ്പം തിരിച്ചെത്തി, എങ്കിലും റിസള്‍ട്ട് പഴയത് തന്നെയാണ്.

ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവനും ഒരുപാട് റണ്‍സ് വഴങ്ങേണ്ടി വരുമെന്ന് തന്നെയാണ് എനിക്കും തോന്നുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ പ്രകടനം താഴോട്ട് തന്നെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്,’ ആര്‍. പി. സിങ് പറയുന്നു.

പരിക്കേറ്റതിനെ തുടര്‍ന്ന് ഏഷ്യാ കപ്പില്‍ ഹര്‍ഷല്‍ പട്ടേലിനും ജസ്പ്രീത് ബുംറക്കും കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്കില്‍ നിന്നും മുക്തനായി ഹര്‍ഷല്‍ പട്ടേല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇടം പിടിച്ചിരുന്നു.

എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മോശം പ്രകടനമാണ് താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. നാല് ഓവറില്‍ 49 റണ്‍സാണ് താരം വിട്ടുനല്‍കിയത്. ഹര്‍ഷല്‍ എറിഞ്ഞ 18ാം ഓവറില്‍ മാത്രം 22 റണ്‍സാണ് ഓസീസ് അടിച്ചുകൂട്ടിയത്.

അതേസമയം, നാഗ്പൂരില്‍ നടക്കുന്ന രണ്ടാം ടി-20യില്‍ ബുംറ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി-20 ലോകകപ്പിന് മുമ്പ് ബുംറക്ക് തന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്ന വേദിയായി നാഗ്പൂര്‍ മാറിയേക്കും.

ഓസീസിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. മുന്‍ നിര ബാറ്റര്‍മാര്‍ പതറിയ മത്സരത്തില്‍ മധ്യനിരയിലെ വിശ്വസ്തന്‍ ഹര്‍ദിക് പാണ്ഡ്യ ആഞ്ഞടിക്കുകയായിരുന്നു.

പാണ്ഡ്യയുടെ പ്രകടനത്തിന്റെ മികവില്‍ 208 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ബാറ്റര്‍മാരെ തുണച്ച മൊഹാലിയിലെ പിച്ച് ഇന്ത്യന്‍ ബൗളര്‍മാരുടെ ശവപ്പറമ്പാവുന്ന കാഴ്ചയായിരുന്നു ശേഷം കണ്ടത്.

അക്‌സര്‍ പട്ടേല്‍ ഒഴികെ എല്ലാവരും മികച്ച രീതിയില്‍ തല്ലുവാങ്ങിക്കൂട്ടി. ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറുമാണ് മികച്ച രീതയില്‍ റണ്‍സ് വഴങ്ങിയത്. ബൗളര്‍മാര്‍ മങ്ങിയപ്പോള്‍ ഇന്ത്യ മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു.

 

Content Highlight: Former Indian pacer RP Singh says Jasprit Bumrah will concede runs in T20 World Cup