ന്യൂദല്‍ഹി: നിര്‍ഭാഗ്യവശാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാരം ഒരിക്കലും വലിയ അളവില്‍ ഉണ്ടായിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ടി.സി.എ രാഘവന്‍. തങ്ങളുടെ രാഷ്ട്രീയ മണ്ഡലങ്ങള്‍ വിഷയം ചര്‍ച്ചചെയ്യുന്നുണ്ടെന്ന് കാണിക്കുന്നതിനാണ് പാക്കിസ്ഥാന്റെ നടപടികളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറക്കുമെന്നും വ്യാപാരബന്ധം നിര്‍ത്തിവെക്കുമെന്നുമുള്ള പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു മുന്‍ ഹൈകമ്മീഷണറുടെ പ്രതികരണം.
‘നിര്‍ഭാഗ്യവശാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാരം ഒരിക്കലും വലിയ അളവില്‍ ഉണ്ടായിട്ടില്ല.
തങ്ങളുടെ രാഷ്ട്രീയ മണ്ഡലങ്ങള്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നുവെന്ന് കാണിക്കുന്നതിനാണ് അവര്‍ സ്വീകരിച്ച നടപടികള്‍. എന്തായാലും, നയതന്ത്ര ബന്ധങ്ങള്‍ ഇല്ലാത്തത് ഒരു നല്ല തീരുമാനമല്ല’; അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.
ഇത്തരം നടപടികളിലൂടെ അവര്‍ക്ക് എന്ത് നേട്ടമാണുണ്ടാവുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു.
‘ഇതിലൂടെ അവര്‍ക്ക് എന്ത് നേട്ടമാണുണ്ടാവുന്നത്? ഇതൊക്കെ ഇടുങ്ങിയ കാഴ്ച്ചപ്പാടാണ്. ഇതിലൂടെ അവര്‍ക്ക് മാത്രമാണ് നഷ്ടം സംഭവിക്കുക.
എന്നാല്‍ ഒരു തീരുമാനം എടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് അവരുടെ ഇഷ്ടമാണ്.’ സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.
ഇംറാന്‍ഖാന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറക്കാനും വ്യാപാരം നിര്‍ത്തിവെക്കാനുമുള്ള
തീരുമാനം എടുത്തത്.
ഇന്ത്യന്‍ നിയുക്ത ഹൈകമ്മീഷണറെയും പാക്കിസ്ഥാന്‍ പുറത്താക്കി. ഇന്ത്യയില്‍ ഹൈക്കമ്മീഷണര്‍ വേണ്ടെന്നും പാക്കിസ്ഥാന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.