| Wednesday, 16th March 2022, 3:14 pm

ജിംഖാനെ ഫൈനലില്‍ കിട്ടണം, അവരെ തോല്‍പിച്ച് തന്നെ കപ്പടിക്കണം, ജയിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടാ; ഐ.എം വിജയന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലില്‍ ഇത്തവണ കിരീടം ബ്ലാസ്റ്റേഴ്‌സിന് തന്നെയെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഐ.എം വിജയന്‍. പ്ലേ ഓഫിന്റെ രണ്ടാം പാദ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് തവണ കൈവിട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കുമെന്നും, ഫൈനലില്‍ സന്ദേശ് ജിംഖാന്റെ എ.ടി.കെ മോഹന്‍ ബഗാനെ തന്നെ കിട്ടണം എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഏതൊരു പ്രതിസന്ധി ഘട്ടത്തിലും തളരാതെ പൊരുതിയതിന്റെ ഫലമായിട്ടാണ് തങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചതെന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനൊവിച്ചിന്റെ അഭിപ്രായം. ഫൈനലിനായി മികച്ച മുന്നൊരുക്കങ്ങള്‍ തന്നെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൈനല്‍ പ്രവേശനം ഏറെ സന്തോഷം നല്‍കുന്നുണ്ടെന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ പറഞ്ഞത്. ഫൈനലിലെ എതിരാളികള്‍ ആരായാലും തങ്ങള്‍ക്ക് ആശങ്കയില്ലെന്നും ലൂണ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു ജംഷഡ്പൂര്‍ എഫ്.സിയെ തളച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചത്. 1-1 എന്ന നിലയില്‍ സമനില നേടിയെങ്കിലും 2-1 അഗ്രഗേറ്റ് എന്ന സ്‌കോറിനാണ് ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ തോല്‍പിച്ചത്.

18ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയിലൂടെ മുന്നിലെത്തിയ കേരളം മത്സരത്തിലുടനീളം സമഗ്രാധിപത്യം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു. എങ്കിലും ജംഷഡ്പൂര്‍ അതിന് തടയിടുകയായിരുന്നു.

തുടക്കത്തില്‍ തന്നെ ആക്രമിച്ചുകളിച്ചാണ് ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ ഞെട്ടിച്ചത്. അത്തരത്തിലുള്ള ആക്രമണങ്ങള്‍ തന്നെയാണ് 18ാം മിനിറ്റില്‍ ഗോളിലേക്ക് വഴിവെച്ചതും.

പ്ലേ ഓഫിന്റെ ആദ്യപാദത്തില്‍ 1-0 എന്ന ലീഡുമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. മലയാളി താരം സഹല്‍ നേടിയ ഗോളിന്റെ ബലത്തില്‍ സമനിലയായാലും കേരളം ഫൈനലിലെത്തുമായിരുന്നു. 2-1 എന്ന അഗ്രഗേറ്റ് സ്‌കോറിനാണ് ടീം ഫൈനലില്‍ പ്രവേശിച്ചത്.

അമ്പതാം മിനിറ്റിലായിരുന്നു ജംഷഡ്പൂരിന്റെ സമനിലഗോള്‍. കോര്‍ണറില്‍ നിന്നും പ്രണോയ് ഹല്‍ദാര്‍ ഗോള്‍ നേടി.

ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടിയില്‍ പ്രണോയ് ഹല്‍ദാര്‍ കൈകൊണ്ട് നിയന്ത്രിച്ച പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഹാന്‍ഡ്‌ബോളിനായി ലെസ്‌കോവിച്ച് വാദിച്ചെങ്കിലൂം ഗുണമുണ്ടായില്ല.

ആദ്യമത്സരത്തില്‍ ഗോള്‍ കണ്ടെത്തിയ സഹല്‍ അടക്കം ഇല്ലാതെ അടിമുടി മാറ്റിയായിരുന്നു കോച്ച് ടീമിനെ സജ്ജമാക്കിയത്. എങ്കിലും അതിന്റെ ആലസ്യമൊന്നും തന്നെ ടീമിന് ഉണ്ടായിരുന്നില്ല. എണ്ണയിട്ട യന്ത്രം പോലെ അവര്‍ കോച്ചിന്റെ നിര്‍ദേശത്തിനൊത്ത് ചലിക്കുകയും ജയിക്കുകയുമായിരുന്നു.

ജംഷഡ്പൂര്‍ കോച്ച് ഓവന്‍ കോയലിന്റെ വെല്ലുവിളിക്കുള്ള മറുപടി കൂടിയായിരുന്നു കേരളത്തിന്റെ ജയം. ജംഷഡ്പൂരിനെതിരായ ജയത്തോടെ തങ്ങളുടെ മൂന്നാം ഫൈനലിനാണ് കേരളം ബൂട്ടുകെട്ടുന്നത്.

ഇന്ന് നടക്കുന്ന എ.ടി.കെ മോഹന്‍ ബഗാന്‍ ഹൈദരാബാദ് എഫ്.സി മത്സരത്തിലെ വിജയികളെയായിരിക്കും കേരളത്തിന് നേരിടാനുണ്ടാവുക. 3-1 എന്ന സ്‌കോറിന് ഹൈദരാബാദ് ഇപ്പോള്‍ മുന്നിലാണ്.

Content Highlight: Former Indian Footballer IM Vijayan says Kerala Blasters want ATK Mohan Bagan in Finals of ISL

We use cookies to give you the best possible experience. Learn more