അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിനുശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ടി-20 ക്യാപ്റ്റനായി നിയമിച്ചത്.
രോഹിത്തിനുശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്ന് വന്‍തോതില്‍ ക്രിക്കറ്റ് സര്‍ക്കിളുകള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നു കൊണ്ടാണ് ബി.സി.സി.ഐ സൂര്യകുമാര്‍ യാദവിനെ പുതിയ നായകനായി തീരുമാനിച്ചത്.
ഇപ്പോഴിതാ ടി-20യില്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ ആക്കിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ ആക്കിയതില്‍ ഇന്ത്യന്‍ പ്രീമിയർ ലീഗ് ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വഹിച്ച പങ്ക് എങ്ങനെയാണെന്നതിനെക്കുറിച്ചാണ് ശ്രീധര്‍ സംസാരിച്ചത്.
‘ഗൗതം ഗംഭീര്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ ആയിരുന്ന സമയത്ത് അദ്ദേഹം കൊല്‍ക്കത്തയില്‍ വൈസ് ക്യാപ്റ്റന്‍ ആയിട്ടുണ്ട്. സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സിലേക്ക് പോയ സമയത്ത് മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം ഈ കാലയളവില്‍ കളിച്ച സമയങ്ങളിലെല്ലാം ലീഡര്‍ഷിപ്പ് ക്വാളിറ്റികള്‍ പ്രകടിപ്പിച്ച ഒരാളാണ് അദ്ദേഹം.
മറ്റു കളിക്കാരുമായുള്ള സൂര്യകുമാറിന്റെ ബന്ധം, ആ താരങ്ങള്‍ അവനെ എങ്ങനെ നോക്കിക്കാണുന്നു ഈ ഘടകങ്ങളെല്ലാമാണ് അവന് അനുകൂലമായത്. ഇതിനുപുറമേ കളിക്കളത്തിന് അകത്തും പുറത്തുമായി ടീമിനെ നല്ല രീതിയില്‍ നയിക്കാനുള്ള കഴിവും പരിക്കുകള്‍ ഒന്നുമില്ലാതെ എല്ലാ മത്സരങ്ങളും കളിക്കാന്‍ കഴിയുന്നതും അവനെ ക്യാപ്റ്റന്‍ സ്ഥാനത്തിന് അര്‍ഹനാക്കി,’ ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച്.
സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്നു ഇന്ത്യ സീരിസ് വിജയിച്ചത്.
ഇപ്പോള്‍ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരം ശ്രീലങ്ക വിജയിക്കുകയുമായിരുന്നു. പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്.
ആര്‍. പ്രേമ ദാസാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ കഴിയും. മറുഭാഗത്ത് ഇന്ത്യയാണ് വിജയിക്കുന്നതെങ്കില്‍ സീരിസ് 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയും ചെയ്യും.
Content Highlight: Former Indian Fielding Coach Talks about Suryakumar Yadav