രോഹിത് ശർമക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ പോവുന്ന താരം ആരാണെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധര്‍. രോഹിത്തിന് ശേഷം ഇന്ത്യയെ നയിക്കുക ശുഭ്മന്‍ ഗില്‍ ആയിരിക്കുമെന്നാണ് ശ്രീധര്‍ പറഞ്ഞത്.
‘നിലവിലെ ഫോമും, കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്, ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ഗില്‍ നടത്തിയ പ്രകടനങ്ങളും പരിശോധിക്കുമ്പോള്‍ ഇന്ത്യക്കായി രണ്ടു ഫോര്‍മാറ്റിലും ഗില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റിലും ടി-20യിലും അവന്‍ ഒരു മികച്ച താരമാണ്. ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്റ്റന്‍സിയില്‍ രോഹിത്തിന് പകരക്കാരനാവാന്‍ ഗില്ലിന് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്,’ മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
അടുത്തിടെ അവസാനിച്ച സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ നയിച്ചിരുന്നത് ഗില്‍ ആയിരുന്നു. ടി-20 ലോകകപ്പ് വിജയിച്ച പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചുകൊണ്ട് ഒരുപിടി യുവനിരയുമായാണ് ഇന്ത്യ സിംബാബ്‌വേക്കെതിരെ കളിച്ചത്. പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ പിന്നീട് നടന്ന നാല് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശക്തമായി തിരിച്ചുവരികയായിരുന്നു.
2024 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി ഗില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ തന്നെ കിരീടവും രണ്ടാം സീസണില്‍ ഫൈനലിസ്റ്റുകളുമായ ഗുജറാത്തിന് ഗില്ലിന്റെ കീഴില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. 14 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയം മാത്രമേ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഗുജറാത്തിന് നേടാന്‍ സാധിച്ചുള്ളൂ.
നിലവിലെ ഇന്ത്യന്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായും ഗില്ലിനെ തെരഞ്ഞെടുത്തിരുന്നു. നിലവില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെയുള്ള പര്യടനത്തിലാണ്. ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പര ഒരു മത്സരം പോലും പരാജയപ്പെടാതെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഏകദിനത്തില്‍ ഈ മികച്ച പ്രകടത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല.
ആദ്യ ഏകദിനം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരം ശ്രീലങ്ക വിജയിക്കുകയുമായിരുന്നു. പരമ്പരയിലെ അവസാന മത്സരം ഇന്നാണ് നടക്കുന്നത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കക്ക് വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ കഴിയും. മറുഭാഗത്ത് വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സിരീസ് സമനിലയില്‍ അവസാനിപ്പിക്കാനും സാധിക്കും.
Content Highlight: Former Indian Fielding Coach Talks About Shubhman Gill