അവനെപോലൊരു താരത്തെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്: മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച്
Cricket
അവനെപോലൊരു താരത്തെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്: മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th August 2024, 7:52 am

ടി-20 ഫോര്‍മാറ്റിലേക്ക് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ ഹര്‍ദിക് പാണ്ഡ്യ ശക്തമായി തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച്.

‘ഹര്‍ദിക് തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. 16നും 20നും ഇടയിലുള്ള രണ്ട് നിര്‍ണായക ഓവറുകള്‍ എറിഞ്ഞുകൊണ്ട് അവന്‍ ഇന്ത്യയ്ക്കായി ഒരു ലോകകപ്പ് നേടിതന്നു. അവസാന ഓവറുകള്‍ ഇന്ത്യയുടെ വീക്ഷണ കോണില്‍ നിന്നും അതിശയകരമായിരുന്നു. അതുകൊണ്ടുതന്നെ അവന്‍ തിരിച്ചു വരണം. അവനെ പോലുള്ള ഒരു താരത്തെ കണ്ടെത്തുക എന്നത് അപൂര്‍വമായൊരു കാര്യമാണ്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ അവനെ ആവശ്യമാണ്,’ ആര്‍. ശ്രീധര്‍ പറഞ്ഞു.

നവംബറില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടക്കുന്ന നാല് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ ഹര്‍ദിക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു മുന്നോടിയായി ആഭ്യന്തര ലീഗില്‍ ബറോഡയ്ക്ക് വേണ്ടി താരം കളിക്കും.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് വിജയത്തിനുശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

രോഹിത്തിനുശേഷം ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യ സ്ഥാനമേല്‍ക്കുമെന്ന് ശക്തമായ വാര്‍ത്തകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് ഇന്ത്യന്‍ സൂര്യകുമാര്‍ യാദവിനെ ടി-20യുടെ ക്യാപ്റ്റനായി നിയമിച്ചത്. ഹര്‍ദിക്കിന് ഫിറ്റ്നസ് കുറവാണെന്നുള്ള കാരണമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടിയത്.

ടി-20 ലോകകപ്പില്‍ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആയിരുന്നു ഹര്‍ദിക്. ലോകകപ്പില്‍ 144 റണ്‍സും 11 വിക്കറ്റുകളുമാണ് ഹര്‍ദിക്. നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കെല്ലാം പിന്നാലെ ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനും ഹര്‍ദിക്കിന് സാധിച്ചിരുന്നു.

കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഹര്‍ദിക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈല്‍സിനൊപ്പം ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റനെന്ന നിലയില്‍ കിരീടം നേടുകയും രണ്ടാം സീസണില്‍ ഫൈനല്‍ വരെ ടീമിനെ എത്തിക്കുകയും ചെയ്ത ഹര്‍ദിക്കിന് മുംബൈയുടെ നായക സ്ഥാനത്തുനിന്നും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല.

ഇതിന് പിന്നാലെ ധാരാളം വിമര്‍ശനങ്ങള്‍ ഹര്‍ദിക്കിനെ തേടിയെത്തിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഈ വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഹര്‍ദിക്കിന്റെ പ്രകടനങ്ങള്‍ക്കായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

 

Content Highlight: Former Indian Fielding Coach Talks About Hardik Pandya