| Thursday, 28th February 2019, 11:15 pm

ബാലാകോട്ട് തിരിച്ചടി സംബന്ധിച്ച് ലോകമാധ്യമങ്ങളും ആളുകളും സംശയമുന്നയിച്ചിട്ടുണ്ട്, തെളിവുകള്‍ പുറത്തു വിടണം: മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാകിസ്ഥാനിലെ ബാലാകോട്ടില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം സംബന്ധിച്ച് തെളിവുകള്‍ പുറത്തു വിടേണ്ട സാഹചര്യമുണ്ടെന്ന് മുന്‍ അംബാസഡറും മുതിര്‍ന്ന നയതന്ത്രജ്ഞനുമായ ടി.പി ശ്രീനിവാസന്‍. രാജ്യത്തിനുണ്ടായ വിജയം സംബന്ധിച്ച് ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ഇന്ത്യയുടെ അവകാശവാദത്തെ എതിര്‍ത്താണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇക്കാര്യത്തില്‍ ലോകത്തെ പറഞ്ഞ് മനസിലാക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയ്ക്കുണ്ടെന്നും ടി.പി ശ്രീനിവാസന്‍ പറഞ്ഞു. മീഡിയവണ്‍ ചാനലിലെ സ്‌പെഷ്യല്‍ എഡിഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി ശ്രീനിവാസന്റെ വാക്കുകള്‍

പാകിസ്ഥാനിലുണ്ടായ നാശ നഷ്ടത്തെ പറ്റി പല അഭിപ്രായങ്ങളും ലോകത്ത് ഇന്ന് നടക്കുന്നുണ്ട്. ഇപ്പോള്‍ ലോകത്തിലെ പ്രശസ്തമായ പത്രങ്ങളൊക്കെ നോക്കിയാല്‍ അതിലെല്ലാം പറയുന്നത്, ഇന്ന് നമ്മളോട് പറഞ്ഞു കൊണ്ടിരിക്കുന്ന ഈ ഭീകരരുടെ ക്യാംമ്പൊക്കെ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ നിന്ന് മാറിപ്പോയിട്ടുണ്ടെന്നാണ്. അത് എല്ലാവരും തന്നെ ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഗ്രാമങ്ങളില്‍ പോയി നോക്കിയവരും റോയിട്ടേഴ്‌സുമൊക്കെ അതാണ് പറയുന്നത്. അപ്പോള്‍ നമുക്ക് തെളിവുകളുണ്ടെങ്കില്‍ കാണിക്കേണ്ട സന്ദര്‍ഭമാണിത്. നമുക്കൊരു ക്രെഡിബിലിറ്റി അക്കാര്യത്തില്‍ ഇല്ല. യഥാര്‍ത്ഥത്തില്‍ നമ്മളവിടെ എത്ര നാശമുണ്ടാക്കിയെന്നത്… ചിലര്‍ പറയുന്നു അവിടെ ഒരു മദ്രസ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബാക്കിയെല്ലാം മാറിപ്പോയിട്ട് വര്‍ഷങ്ങളായെന്നും നമ്മള്‍ പഴയ മാപ്പിലാണ് നോക്കിയെന്നും. അപ്പോള്‍ അതില്‍ സത്യമെന്താണെന്ന് നമ്മുടെ ആളുകള്‍ പോലും സംശയിച്ച് തുടങ്ങിയിട്ടുണ്ട്. അപ്പോള്‍ അതുകൊണ്ട് ഏത് തരത്തിലായാലും ഇക്കാര്യത്തില്‍ നമുക്ക് വിജയമുണ്ടായിട്ടുണ്ടെന്നത് ലോകത്തെ പറഞ്ഞ് മനസിലാക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്.

We use cookies to give you the best possible experience. Learn more