2024 ഐ.പി.എല്‍ സീസണിലെ തുടക്കം മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് മയങ്ക് യാദവ്. ലഖ്‌നൗ സൂപ്പര്‍ജെയ്ന്റ്‌സിന്റെ പേസ് അറ്റാക്കിങ്ങില്‍ അരങ്ങേറ്റം കുറിച്ച് താരം മികച്ച പ്രകടനമാണ് എല്ലാ കളിയിലും കാഴ്ച വെക്കുന്നത്. 150 സ്പീഡിനു മുകളിലാണ് 21 കാരന്റെ ആക്രമണം എന്നതും മറ്റൊരു പ്രത്യേകതയാണ്. താരത്തിന്റെ മിന്നും പ്രകടനത്തില്‍ ബെംഗളൂരുവിനെതിരെ ലഖ്‌നൗ വിജയം സ്വന്തമാക്കിയിരുന്നു.
2024 സീസണില്‍ ഏറ്റവും വേഗതയില്‍ പന്തറിഞ്ഞ ക്രെഡിറ്റും മയങ്ക് സ്വന്തമാക്കിയിട്ടുണ്ട്. 157 സ്പീഡിലാണ് യാദവിന്റെ അഴിഞ്ഞാട്ടം. താരത്തിന്റെ പേസ് അതിജീവിക്കാന്‍ ബാറ്റര്‍മാര്‍ ഏറെ പ്രയാസപ്പെടുന്നതും കഴിഞ്ഞ മത്സരത്തില്‍ നിന്നും കാണാന്‍ സാധിച്ചതാണ്. ഗ്ലെന്‍ മാക്‌സ് വെല്ലിനെ 151 സ്പീഡില്‍ എറിഞ്ഞ ഒരു ബൗണ്‍സറില്‍ ആയിരുന്നു യാദവ് പുറത്താക്കിയത്. പന്ത് കാണാന്‍ കഴിയാതെ കാമറൂണ്‍ ഗ്രീനും ഇഴഞ്ഞു.
പഞ്ചാബ് കിങ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തിലും ബെംഗളൂരുവിനെതിരേയും പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. 2024ല്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനും ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും യുവതാരത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ആവശ്യപ്പെടുന്നത്.
‘ഞാന്‍ അജിത് അഗാക്കര്‍ ആയിരുന്നെങ്കില്‍ (ചീഫ് സെലക്ടര്‍) 2024ലെ ഐ.സി.സി ടി-ട്വന്റി ലോകകപ്പ് ടീമില്‍ ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കും ശേഷം മയങ്ക് യാദവിന്റെ പേര് എഴുതും. ബാറ്റര്‍മാരെ അമ്പരപ്പിക്കാന്‍ കഴിയുന്ന യുവതാരം വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ അര്‍ഹനാണ്. ഗ്രീനിനെയും മാക്‌സിയെയും അവന്‍ പുറത്താക്കിയത് ഒന്ന് കണ്ടു നോക്കൂ. ഇന്ത്യക്കുവേണ്ടി കളിക്കുന്നതില്‍ അവന്‍ ഒരു ക്ലാസും കഴിവും ഉണ്ട്,’മനോജ് തിവാരി ക്രിക് ബസ്സില്‍ പറഞ്ഞു.
‘ബാറ്ററെ ബുദ്ധിമുട്ടിക്കുന്ന ഒരു കളിക്കാരനെ ടീമിന് ആവശ്യമാണ്. മാക്‌സ്‌വെല്ലും ഗ്രീനും പേസ് നേരിടുന്നവരാണെങ്കിലും യാദവ് അതിനു സമ്മതിച്ചില്ല. ഗ്രീനിന് നേരെയുള്ള അവന്റെ ഡെലിവറി മികച്ചതായിരുന്നു. മനോജിനോട് ഞാനും യോജിക്കുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്തുകയാണെങ്കില്‍ ലോകകപ്പില്‍ അവന് അവസരം ലഭിക്കും,’വിരേന്ദര്‍ സേവാഗ് പറഞ്ഞു.
Content highlight: Former Indian Cricketers Talking About Mayank Yadav