Advertisement
national news
അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ യൂസഫ് പത്താന്‍; സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 10, 10:07 am
Sunday, 10th March 2024, 3:37 pm

കൊല്‍ക്കത്ത: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലാണ് യൂസഫ് പത്താന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. മുന്‍ താരത്തിന്റെയടക്കം 42 മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി പ്രഖ്യാപിച്ചു.

പശ്ചിമ ബംഗാളിലെ ബെര്‍ഹാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് യൂസഫ് മത്സരിക്കുക. നിലവിലെ ബെര്‍ഹാംപൂര്‍ എം.പി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ്. അഞ്ചാം തവണയും ചൗധരി ബെര്‍ഹാംപൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തൃണമൂലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

മുഴുവന്‍ സീറ്റുകളിലേക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചട്ടില്ല. സിറ്റിങ് എം.പിമാരായ എട്ട് പേരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തൃണമൂല്‍ ഒഴിവാക്കാന്‍ സാധ്യതുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ പത്താന്‍, കൃതി ആസാദ് തുടങ്ങിയ പുതുമുഖങ്ങളെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കുന്നതായും റിപ്പോട്ട് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ 16 സിറ്റിങ് എം.പിമാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും 12 സ്ത്രീകളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.

പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്ര കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണനക്കെതിരെ ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് തൃണമൂലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

Content Highlight: Former Indian cricketer Yusuf Pathan is all set to contest as a Trinamool candidate in the Lok Sabha elections