വിരാട് ഈ തലമുറയിലെ ബാറ്റര്‍, 2023 അവന്റെ ഏറ്റവും മികച്ച വര്‍ഷം; മുന്‍ ഇന്ത്യന്‍ താരം
Sports News
വിരാട് ഈ തലമുറയിലെ ബാറ്റര്‍, 2023 അവന്റെ ഏറ്റവും മികച്ച വര്‍ഷം; മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st December 2023, 6:59 pm

വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വെങ്കടേഷ് പ്രസാദ്. ഈ തലമുറയിലെ തന്നെ മികച്ച ബാറ്ററാണെന്നും ഒരിക്കല്‍ കൂടി വിരാട് തെളിയിച്ചുവെന്ന് വെങ്കിടേഷ് പ്രസാദ് പറഞ്ഞു. ഇത് വിരാടിന്റെ ഏറ്റവും മികച്ച വര്‍ഷമായി താന്‍ റേറ്റ് ചെയ്യുമെന്നും വളരെയധികം പ്രതിസന്ധികള്‍ തരണം ചെയ്തതിന് ശേഷമാണ് അവന്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതെന്നും വെങ്കിടേഷ് പ്രസാദ് എക്‌സില്‍ കുറിച്ചു.

‘താനൊരു ചാമ്പ്യനാണെന്നും ഈ തലമുറയിലെ തന്നെ മികച്ച ബാറ്ററാണെന്നും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. വിരാടിനെ സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുതകരമായ വര്‍ഷമാണ്. ഇതവന്റെ ഏറ്റവും മികച്ച വര്‍ഷമായി ഞാന്‍ റേറ്റ് ചെയ്യും. പ്രത്യേകിച്ചും ഇത്രയും പ്രതിസന്ധികള്‍ തരണം ചെയ്തതിന് ശേഷം. ആ ത്വരയും തീക്ഷ്ണതയും വളരെ ഉന്മേഷദായകവും യഥാര്‍ത്ഥ ചാമ്പ്യന്റെ അടയാളവുമാണ്,’ വെങ്കിടേഷ് പ്രസാദ് കുറിച്ചു.

2023ല്‍ മൂന്ന് ഫോര്‍മാറ്റ് ക്രിക്കറ്റില്‍ നിന്നും 2048 റണ്‍സ് വിരാട് സ്വന്തമാക്കിയിരുന്നു. ഇതോടെ ഈ വര്‍ഷം ഏറ്റവുമധികം റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനായിരുന്നു. 2154 റണ്‍സാണ് ഗില്‍ നേടിയത്. റണ്‍സിന്റെ ഗില്‍ മുന്നിലാണെങ്കിലും ഈ വര്‍ഷം ഏറ്റവും മികച്ച ശരാശരിയുള്ള താരം വിരാട് തന്നെ. 66.06 ശരാശരിയിലാണ് 2048 റണ്‍സ് വിരാട് നേടിയത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെയും റെഡ് ബോള്‍ ഫോര്‍മാറ്റിലെയും കമ്പൈന്‍ഡ് ആവറേജാണിത്.

ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലും 765 റണ്‍സ് നേടി മിന്നും പ്രകടനം വിരാട് പുറത്തെടുത്തിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡാണ് ഈ ലോകകപ്പില്‍ വിരാട് മറികടന്നത്. ഈ വര്‍ഷം തന്നെ ഏകദിനത്തില്‍ തന്റെ 50ാം സെഞ്ച്വറിയും വിരാട് കുറിച്ചിരുന്നു. ഏറ്റവുമധികം ഏകദിന സെഞ്ച്വറിയെന്ന (49) സച്ചിന്റെ മറ്റൊരു റെക്കോഡും ഇതോടെ വിരാടിന് പിന്നിലായി.

Content Highlight: Former Indian cricketer Venkatesh Prasad praises Virat Kohli