ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തിയത്. ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും വ്യക്തിഗത തലത്തില്‍ മികച്ച പ്രകടനമായിരുന്നു കോഹ്‌ലി കാഴ്ച വെച്ചത്.
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ കളിക്കാരനായി ഫിനിഷ് ചെയ്യുകയും ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടാനും കോഹ്‌ലിക്ക് സാധിച്ചു. ഇതിന് പുറമെ ടി-20 ഫോര്‍മാറ്റിലെ തന്റെ ആദ്യ സെഞ്ച്വറിയായിരുന്നു താരം മത്സരത്തില്‍ കുറിച്ചത്.
ഏഷ്യാ കപ്പിന് ശേഷം കോഹ്‌ലിയുടെ പ്രകടനത്തെ പ്രശംസിച്ച് ധാരാളം ആളുകള്‍ രംഗത്തെത്തിയിരുന്നു. രോഹിത്തിനൊപ്പം കോഹ്‌ലിയാണ് ഓപ്പണിങ്ങിന് ഇറങ്ങേണ്ടതെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍.
”വിരാട് കോഹ്‌ലി ഏഷ്യാ കപ്പില്‍ ഓപ്പണിങ് ഇറങ്ങേണ്ടവനാണെന്ന് എനിക്ക് ഉറപ്പായിരുന്നു, അദ്ദേഹം തന്നെ ലോകകപ്പിലും ഓപ്പണിങ് നടത്തണം. ഇത് മത്സരത്തിന് ശരിയായ ബാലന്‍സ് നല്‍കും.
കോഹ്‌ലിയും രോഹിത് ശര്‍മയും രണ്ട് വ്യത്യസ്ത കളിക്കാരാണ്. രോഹിത്തിന് വളരെ ആക്രമണോത്സുകമായി ബൗണ്ടറികള്‍ അടിക്കാന്‍ കഴിയും, അതുപോലെ ഫീല്‍ഡിങ്ങിലെ ഗ്യാപ്പുകള്‍ കണ്ടെത്തി ബൗണ്ടറികള്‍ സൃഷ്ടിക്കാന്‍ കോഹ്‌ലിക്കും സാധിക്കും.
രോഹിതിനും കോഹ്‌ലിക്കും ആദ്യ ആറ് ഓവര്‍ വരെ കളിക്കാന്‍ കഴിയുമെങ്കില്‍ ഓസ്‌ട്രേലിയയില്‍ അവര്‍ ഇന്ത്യയെ അന്‍പതിനടുത്തേക്ക് എത്തിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. കോഹ്‌ലി അത്തരം സാഹചര്യങ്ങള്‍ക്ക് അനുയോജ്യനായ ഇന്ത്യയുടെ മികച്ച ബാറ്റര്‍ ആയിരിക്കും,’ പാര്‍ഥിവ് പറഞ്ഞു.
ഏഷ്യാ കപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഐ.സി.സി റാങ്കിങ്ങില്‍ കുതിച്ചുകയറിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ട്വന്റി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 14 സ്ഥാനം മെച്ചപ്പെടുത്തിയ കോഹ്‌ലി 29ാം റാങ്കില്‍ നിന്ന് 15ലേക്ക് കയറുകയായിരുന്നു. ഓള്‍ റൗണ്ടര്‍മാരില്‍ അറുപതാം റാങ്കില്‍ ഇടം പിടിച്ചെന്ന നേട്ടവുമുണ്ട്.
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ടി-20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ബൗളിങ് നിരയിലേക്ക് ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും മടങ്ങിവരവും രവീന്ദ്ര ജഡേജ പരിക്ക് കാരണം പുറത്തായതുമാണ് എടുത്തു പറയാവുന്ന മാറ്റങ്ങള്‍.