ധോണി തലയാണ് കോഹ്‌ലി കിംഗും എന്നാല്‍ അവനാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഖലീഫ; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ പ്രശംസിച്ച് മുഹമ്മദ് കൈഫ്
IPL
ധോണി തലയാണ് കോഹ്‌ലി കിംഗും എന്നാല്‍ അവനാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഖലീഫ; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ പ്രശംസിച്ച് മുഹമ്മദ് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th April 2022, 3:27 pm

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് മുഹമ്മദ് കൈഫ്. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം വര്‍ഷങ്ങളായി ദല്‍ഹി ക്യാപ്റ്റല്‍സിന്റെ കോച്ചിംഗ് സ്റ്റാഫിലെ പ്രധാന അംഗമാണ്.

ടീമിലെ എല്ലാ താരങ്ങളുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്ന കൈഫ് ഇന്ത്യന്‍ സൂപ്പര്‍ താരം ശിഖര്‍ ധവാനുമായും അടുത്ത ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്. ധവാന്‍ ഇപ്പോള്‍ പഞ്ചാബ് കിംഗിസിന്റെ താരമായിട്ടും അവരുടെ ബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ല.

കഴിഞ്ഞ ദിവസം ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ധവാന്റെ പ്രകടനത്തിന്റെ ബലത്തിലാണ് കിംഗ്‌സ് സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ചത്. 59 പന്തില്‍ നിന്നും പുറത്താവാതെ 88 റണ്‍സായിരുന്നു ധവാന്‍ നേടിയത്.

ധവാന് പുറമെ രാജപക്‌സെയും (32 പന്തില്‍ 42) ലിയാം ലിവിംഗ്‌സണും (9 പന്തില്‍ 17) ആഞ്ഞടിച്ചതോടെ പഞ്ചാബ് 187 റണ്‍സിന്റെ വിജയലക്ഷ്യം കുറിക്കുകയും അത് മറികടക്കാനാവാതെ ചെന്നൈ 11 റണ്‍സകലെ കാലിടറി വീഴുകയുമായിയിരുന്നു.

മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചും ധവാന്‍ തന്നെയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ മാസ്മരിക പ്രകടനത്തിന് പിന്നാലെ ധവാന് അഭിനന്ദനവുമായെത്തിയിരിക്കുകയാണ് മുന്‍ മെന്റര്‍ മുഹമ്മദ് കൈഫ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ അഭിനന്ദനം.

‘ധോണി തലയാണ് കോഹ്‌ലി കിംഗാണ് എന്നാല്‍ ശിഖര്‍ ആരാണ്? സമ്മര്‍ദ്ദത്തിനിടയിലും അവന്‍ ഐ.പി.എല്ലില്‍ 6,000 റണ്‍സ് തികച്ചിരിക്കുന്നു. അവന്‍ ടി-20യുടെ ഖലീഫയാണ്.

അവന്‍ എന്തായാലും ടി-20 ലോകകപ്പ് കളിക്കണം. അത് എന്നാണ് എന്നെന്നോട് ചോദിക്കരുത്, ഞാനൊരു സെലക്ടറായിരുന്നെങ്കില്‍ ഞാനത് പറയുമായിരുന്നു,’ കൈഫ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസത്തെ മിന്നും പ്രകടനത്തിലൂടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമനാവാനും ധവാന് കഴിഞ്ഞു. എട്ട് മത്സരത്തില്‍ നിന്നും രണ്ട് ഫിഫ്റ്റിയടക്കം 302 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

കഴിഞ്ഞ ദിവസത്തെ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ആറാമതാണ് പഞ്ചാബ്. ഏപ്രില്‍ 29ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് പഞ്ചാബിന് ഇനി നേരിടാനുള്ളത്.

 

Content Highlight: Former Indian Cricketer Muhammed Kaif Praises Shikhar Dhawan