ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിലായിരുന്നു ഇന്ത്യ പ്രോട്ടീസിനോട് തുടര്‍ച്ചയായ ഏഴാം തവണയും തോല്‍ക്കുന്നത്.
വരാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്നില്‍ കാണുമ്പോള്‍ ഇന്ത്യയുടെ ഈ പ്രകടനം ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കുന്നത്. എന്നാല്‍ വിരാടും രോഹിത്തും രാഹുലും ബുംറയും ടീമിനൊപ്പമില്ല എന്നതും ഇതിനോടൊപ്പം ചേര്‍ത്തുവെച്ച് വായിക്കാം.
എന്നാല്‍ ലോകകപ്പ് ടീമിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടറിനെ കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കട്ടക്കിലെ മത്സരത്തിന് ശേഷം സ്റ്റര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.
ഇഷാന്‍ കിഷനാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ എക്‌സ് ഫാക്ടറെന്നും വിരാട് കോഹ്‌ലിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തിയാലും അവനെ വിട്ടുകളയരുതെന്നും ഗംഭീര്‍ പറയുന്നു.
‘ഇന്ത്യന്‍ ടീമിലെ എക്‌സ് ഫാക്ടറിനെ കുറിച്ച് പറയുമ്പോള്‍ ഇഷാന്‍ കിഷനാണ് എന്റെ മനസിലെത്തുന്നത്. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും ടീമിലേക്ക് മടങ്ങിയെത്തിയത്തുമ്പോഴും അവന്‍ ടീമിനൊപ്പം ഉണ്ടാവണം, ഓപ്പണറായി തന്നെ തുടരുകയും വേണം.
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഐ.സി.സി ടി-20 ലോകകപ്പില്‍ പ്രധാനപങ്ക് വഹിക്കാന്‍ അവന് സാധിക്കും. അതിനാല്‍ തന്നെ നിങ്ങള്‍ ടീം സെലക്ട് ചെയ്യുമ്പോള്‍ അവനെയും ഉള്‍പ്പെടുത്തുക,’ ഗംഭീര്‍ പറയുന്നു.
കട്ടക്കില്‍ വെച്ച നടന്ന മത്സരത്തില്‍ 21 പന്തില്‍ നിന്നും 34 റണ്‍സാണ് താരം സ്വന്തമാക്കിയത്. 2 ഫോറും മൂന്ന് സിക്‌സറുമടക്കം 161.90 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്‍സടിച്ചുകൂട്ടിയത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 48 പന്തില്‍ നിന്നും 76 റണ്‍സാണ് ഇഷാന്‍ സ്വന്തമാക്കിയത്. 11 ഫോറും മൂന്ന് സിക്‌സറുമടക്കമായിരുന്നു താരത്തിന്റെ ആറാട്ട്. 158.33 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ആദ്യ മത്സരത്തില്‍ റണ്ണടിച്ചുകൂട്ടിയത്.