| Saturday, 5th November 2022, 12:29 pm

അവസാനം ഗംഭീറിനും സമ്മതിക്കേണ്ടി വന്നു; കെയ്ന്‍ വില്യംസണും സ്മിത്തും ബാബറിനും ചെയ്യാന്‍ സാധിക്കാത്തത് ഇവന് കഴിയും; വിരാടിനെ പ്രശംസിച്ച് ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

നവംബര്‍ രണ്ടിന് ബംഗ്ലാദേശിനെതിരെ അഡ്‌ലെയ്ഡില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. മഴ കളിച്ച മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അണ്‍ ബീറ്റണ്‍ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

കെ.എല്‍. രാഹുലിനും സൂര്യകുമാര്‍ യാദവിനുമൊപ്പം നിര്‍ണായകമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് വിരാട് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. 44 പന്തില്‍ നിന്നും പുറത്താവാതെ 64 റണ്‍സ് നേടിയ കോഹ്‌ലിയും 32 പന്തില്‍ നിന്നും 50 റണ്‍സ് നേടിയ രാഹുലും 16 പന്തില്‍ നിന്നും 30 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ഇന്നിങ്‌സില്‍ കരുത്തായി.

അഞ്ച് റണ്‍സിന് ഇന്ത്യ വിജയിച്ച മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തത് വിരാടിനെ തന്നെയായിരുന്നു.

എന്നാല്‍ മത്സരത്തിന് ശേഷം വിരാടിനെ വിമര്‍ശിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ഓവര്‍ ബൗണ്‍സറായി വന്ന പന്ത് അമ്പയറിനോട് നോ ബോള്‍ വിളിക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു ഗംഭീറിനെ ചൊടിപ്പിച്ചത്.

എന്നാല്‍ മത്സരം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം, താരത്തിന്റെ പിറന്നാള്‍ ദിവത്തില്‍ വിരാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗംഭീര്‍. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിരാടിന്റേത് നിര്‍ണായകമായ ഇന്നിങ്‌സാണെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.

‘ഈ ബാറ്റിങ് ലൈന്‍ അപ്പില്‍ തുടക്കത്തിലെ പത്ത് ഓവറില്‍ ഒരു ആങ്കറിങ് ഇന്നിങ്‌സ് പുറത്തെടുക്കുക എന്നതിന് പുറമെ അവസാന പത്ത് ഓവറില്‍ അഗ്രസ്സറുടെ റോളും കോഹ്‌ലിക്കുണ്ട്. ബാബര്‍ അസിമിനെ ഒന്നും ആങ്കര്‍ എന്ന് വിളിക്കാന്‍ സാധിക്കില്ല. വിരാട് ഒരു ആങ്കര്‍ എന്നതിലും അപ്പുറമാണ്.

ആദ്യ ഓവറില്‍ സാഹചര്യം മോശമാവുകയും വിക്കറ്റുകള്‍ വീഴുകയും ചെയ്യുമ്പോള്‍, ബംഗ്ലാദേശിനെതിരായ മത്സരത്തിലേത് പോലെയാകുമ്പോള്‍ വിരാട് കോഹ്‌ലി രാഹുലിനൊപ്പം സെക്കന്റ് ഫിഡില്‍ കളിച്ചുകൊണ്ട് മികച്ച പാര്‍ട്‌നര്‍ഷിപ്പ് പടുത്തുയര്‍ത്തി.

രാഹുല്‍ പുറത്തായപ്പോള്‍ അവന്‍ സൂര്യകുമാറിനൊപ്പവും സ്‌കോര്‍ പടുത്തുയര്‍ത്തി. സൂര്യകുമാറും പുറത്തായപ്പോള്‍ ബാക്കിയെല്ലാം അവന്‍ സ്വയം നിര്‍വഹിച്ചു,’ ഗംഭീര്‍ പറഞ്ഞു.

ഒരേസമയം ആങ്കറുടെ റോളിലും അഗ്രസ്സറുടെ റോളിലും കളിക്കാന്‍ സാധിക്കുന്ന താരമാണ് കോഹ്‌ലിയെന്നും, കെയ്ന്‍ വില്യംസണ്‍, ബാബര്‍ അസം, സ്റ്റീവ് സ്മിത്ത് ഇവര്‍ക്കൊന്നും ഇതിന് സാധിക്കില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ ആറിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. സിംബാബ്‌വേയാണ് എതിരാളികള്‍. ഷെവ്‌റോണ്‍സിനെതിരെ ജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ആധികാരികമായി സെമി ഫൈനലില്‍ പ്രവേശിക്കാം.

Content highlight: Former Indian cricketer Gautam Gambhir praises Virat Kohli

We use cookies to give you the best possible experience. Learn more