| Tuesday, 28th June 2022, 4:31 pm

പരിക്കേറ്റ ഋതുരാജിന് പകരം അവനെ കളിപ്പിക്കണം, അവനെ എന്താ ടൂറിസ്റ്റ് വിസയിലാണോ കൊണ്ടുപോയത്; ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

നിരവധി ഇന്ത്യന്‍ യുവതാരങ്ങളെയാണ് ഇന്ത്യ കഴിഞ്ഞ രണ്ട് പരമ്പരകളിലുമായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അവരില്‍ പലര്‍ക്കും കളിക്കാന്‍ സാധിക്കാതെ ബെഞ്ചിലിരിക്കാനായിരുന്നു വിധി.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലും യുവതാരങ്ങള്‍ ബെഞ്ചില്‍ തന്നെയായിരുന്നു.

എന്നാലിപ്പോള്‍ ഇവരെ ബെഞ്ചിലിരുത്തുന്ന കോച്ചിന്റെ നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അനലിസ്റ്റുമായ ആകാശ് ചോപ്ര. പരിക്കേറ്റ ഋതുരാജിനെ കളിപ്പിക്കരുതെന്നും വെങ്കിടേഷ് അയ്യരെ കളിപ്പിക്കണമെന്നുമാണ് ചോപ്ര പറയുന്നത്.

‘ഏറ്റവും വലിയ ചോദ്യം ഋതുരാജിന് കളിക്കാനാവുമോ എന്നതാണ്. അവന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തില്ലെങ്കില്‍ ആരാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. എനിക്ക് തോന്നുന്നത് നിങ്ങള്‍ വെങ്കിടേഷ് അയ്യരെ അതിന് അനുവദിക്കുമെന്നാണ്.

അവന്‍ കളിക്കാന്‍ യോഗ്യനല്ലെങ്കില്‍ പിന്നെ എന്തിനാണ് അവനെ ടീമില്‍ വെച്ചുകൊണ്ടിരിക്കുന്നത്. അവന്‍ ടൂറിസ്റ്റ് വിസയില്‍ അല്ലല്ലോ വന്നിട്ടുള്ളത്,” ചോപ്ര പറയുന്നു.

ഋതുരാജ് ഗെയ്ക്വാദിന്റെ കാഫ് മസിലിന് പരിക്കേറ്റിരുന്നു. എന്നാല്‍ ആ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നോ, രണ്ടാം ഇന്നിങ്‌സില്‍ ഋതുവിന് കളിക്കാന്‍ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ തീരുമാനമായിട്ടില്ല.

രണ്ടാം ഇന്നിങ്‌സിലും വെങ്കിടേഷ് അയ്യരെ കളിക്കാന്‍ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ അവന്‍ ടീമില്‍ ഉള്‍പ്പെട്ടതിന് ഒരു അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അക്‌സര്‍ പട്ടേലിന് പകരം അവനെ കളിപ്പിക്കുക, ഒരു പേസര്‍ കൂടി ടീമില്‍ ഉണ്ടാവുന്ന രീതിയിലേക്ക് മാറുക. ഹര്‍ദിക് നന്നായി തന്നെ ബൗള്‍ ചെയ്യുന്നുണ്ട്. എതിരാളികളുടെ ബാറ്റിങ് നിര അത്രകണ്ട് ശക്തമൊന്നുമല്ലാത്തനില്‍ ബൗളിങ് നിര ഒട്ടും മോശമാക്കില്ല,’ താരം കൂട്ടിച്ചേര്‍ത്തു.

ആദ്യ മത്സരത്തിലെ മികച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.

Content Highlight: Former Indian Cricketer Akash Chopra says Venkitesh Iyer must be included instead of Rithuraj Gaikwad

We use cookies to give you the best possible experience. Learn more