വിരാടിനെയൊക്കെ പേടിച്ച കാലം പണ്ട്, ഇപ്പോള്‍ ഒരു ബൗളര്‍ക്കും അവനെ പേടിയില്ല; കോഹ്‌ലിയെ താഴ്ത്തിക്കെട്ടി മുന്‍ ഇന്ത്യന്‍ താരം
Sports News
വിരാടിനെയൊക്കെ പേടിച്ച കാലം പണ്ട്, ഇപ്പോള്‍ ഒരു ബൗളര്‍ക്കും അവനെ പേടിയില്ല; കോഹ്‌ലിയെ താഴ്ത്തിക്കെട്ടി മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th August 2022, 8:59 pm

മോഡേണ്‍ ഡേ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്ററായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. പിച്ചില്‍ കൊടുങ്കാറ്റഴിച്ചുവിടുന്ന വിരാടിനെ പേടിക്കാത്ത ഒരു ബൗളറും തന്നെ ഉണ്ടായിരുന്നില്ല.

എന്നാല്‍ കുറച്ചുനാളായി വിരാടിന് ഒട്ടും നല്ല കാലമല്ല. തന്റെ ഫോമിന്റെ ഏഴയലത്ത് പോലും എത്താനാവാതെ ഉഴറുന്ന വിരാടിനെയാണ് ക്രിക്കറ്റ് ലോകം കാണുന്നത്.

2019ല്‍ ബംഗ്ലാദേശിനെതിരെ തന്റെ എഴുപതാം സെഞ്ച്വറി നേടിയ വിരാട് അടുത്ത സെഞ്ച്വറിക്കായി ആയിരത്തിലധികം ദിവസമാണ് കാത്തിരിക്കുന്നത്.

വരാനിരിക്കുന്ന ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട വിരാടിന്റെ വമ്പന്‍ തിരിച്ചുവരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ച് വിരാട് തന്റെ ശനിദശ മറികടക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

എന്നാലിതാ, ലോകത്തിലെ ഒരു ബൗളറിനും വിരാടിനെ പേടിക്കേണ്ട അവസ്ഥയില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

‘ഒരു മാന്ത്രിക വടി പോലെ ചലിച്ചിരുന്ന ബാറ്റിപ്പോള്‍ അവന്റെ ആജ്ഞകള്‍ അനുസരിക്കുന്നില്ല എന്ന വസ്തുത അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ല. മിസ്സുകളേക്കാള്‍ ഹിറ്റുകള്‍ അവനുണ്ട്.

ഒരിക്കല്‍ അജയ്യനായി നിന്നിരുന്ന അവന്റെ പ്രഭാവലയം ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. ടീമില്‍ അവന്റെ സാന്നിധ്യം പഴയതുപോലെ ബൗളര്‍മാരെ ഭയപ്പെടുത്തുന്നില്ല,’ ചോപ്ര പറഞ്ഞു.

അതേസമയം, ഓഗസറ്റ് 28നാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് എതിരാളികള്‍.

മോശം ഫോമില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന വിരാടിന് ഈ മത്സരം നല്‍കുന്ന സമ്മര്‍ദ്ദം ചില്ലറയായിരിക്കില്ലെന്നുറപ്പാണ്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏഷ്യാ കപ്പ് ടി-20 ഫോര്‍മാറ്റിലാണ് നടക്കുന്നത്. ഏഷ്യാ കപ്പ് നിലനിര്‍ത്തുകയും വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പ് മൊമെന്റം ബില്‍ഡ് ചെയ്യുകയുമായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

 

Content Highlight: Former Indian cricketer Akash Chopra about Virat Kohli’s form