ഐ.പി.എല്‍ മത്സരങ്ങളുടെ തിയ്യതിയും ഷെഡ്യൂളും പ്രഖ്യാപിച്ചിട്ടും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇനിയും തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. 2008 മുതല്‍ നായകസ്ഥാനത്ത് നിന്നും ടീമിനെ നയിച്ച വിരാട് കോഹ്‌ലി കഴിഞ്ഞ സീസണോടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങിയതോടെയാണ് ബെംഗളൂരുവിന് നാഥനില്ലാതായത്.
താന്‍ ഇനി ക്യാപറ്റന്‍ സ്ഥാനത്ത് ഉണ്ടാവില്ലെന്നും, എന്നാല്‍ കളിക്കാരനായി തന്നെ തുടരുമെന്നും വിരാട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീം മാനേജ്‌മെന്റ് കോഹ്‌ലിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ പരിശ്രമിക്കുന്നത്.
ഗ്ലെന്‍ മാക്‌സ്‌വെല്ലിനാണ് ഇക്കൂട്ടത്തില്‍ മുന്‍ഗണന കല്‍പിക്കപ്പെടുന്നത്. മാക്‌സിക്ക് പുറമെ ഫാഫ് ഡുപ്ലെസിസിനെയും ദിനേഷ് കാര്‍ത്തിക്കിനെയും നായകസ്ഥാനത്തേക്ക് ടീം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
അതേസമയം, ടീമിന്റെ നായകനായി വിരാടിനെ തന്നെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.
മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും ഇതേ ആവശ്യം തന്നെയാണ് ഉന്നയിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞ സാഹചര്യത്തില്‍ വിരാട് തന്നെ ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കണമെന്നും ചോപ്ര പറയുന്നു.
‘വിരാട് ആര്‍.സി.ബിയുടെ നായകസഥാനം ഒഴിഞ്ഞപ്പോള്‍ ടി-20 ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ച് ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ടീമിനെ നയിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഏകദിന-ടെസ്റ്റ് നായക സ്ഥാനത്ത് നിന്നും അദ്ദേഹം പുറത്താക്കപ്പെടുകയായിരുന്നു. ഇനിയിപ്പോള്‍ ഈ ടൂര്‍ണമെന്റില്‍ മാത്രമാണ് വിരാടിന് ക്യാപ്റ്റനാവാന്‍ സാധിക്കുക,’ ആകാശ് ചോപ്ര പറഞ്ഞു.
‘സാഹചര്യങ്ങള്‍ മാറിയ സാഹചര്യത്തില്‍ ആര്‍.സി.ബി കോഹ്‌ലിയെ മടക്കിക്കൊണ്ടുവരുന്ന കാര്യം പരിഗണിക്കണം. തന്റെ കരിയറിന്റെ ബാക്കിയും വിരാട് ബെംഗളൂരുവിന് വേണ്ടിയാണ് കളിക്കാന്‍ ആഗ്രഹിക്കുന്നത്. എന്തുകൊണ്ട് ഒരു വര്‍ഷം കൂടി പരിഗണിച്ചുകൂടാ?
കോഹ്‌ലിയും ആര്‍.സി.ബിയും തമ്മിലുള്ള ബന്ധം ധോണിയും ചെന്നൈയും പോലെയാണ്. അതൊരിക്കലും മോശമാവില്ല. കഴിഞ്ഞ സീസണുകളില്‍ ആര്‍.സി.ബി മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും ആര്‍.സി.ബി പ്ലേ ഓഫിലും കയറിയിരുന്നു,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 27നാണ് റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആദ്യ മത്സരം. പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് കിംഗ്‌സാണ് എതിരാളികള്‍.