പാകിസ്ഥാന്‍ ഫ്രാഞ്ചൈസി ലീഗായ പി.എസ്.എല്ലില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ഐ.പി.എല്ലിലേക്ക് ഒരു താരവും കളിക്കാന്‍ പോവില്ലെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
പി.എസ്.എല്‍ എത്ര തന്നെ തലകുത്തി മറിഞ്ഞാലും ഐ.പി.എല്ലിനൊപ്പം എത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
പി.എസ്.എല്ലിലെ ഡ്രാഫ്റ്റ് സിസ്റ്റത്തിന് പകരം ഐ.പി.എല്‍ മാതൃകയില്‍ ലേലം ആവിഷ്‌കരിച്ചാല്‍, ഐ.പി.എല്ലിലേക്ക് ആരും കളിക്കാന്‍ പോവില്ല എന്നായിരുന്നു റമീസ് രാജ പറഞ്ഞിരുന്നത്.
‘നിലവിലെ ഡ്രാഫ്റ്റ് സിസ്റ്റത്തില്‍ നിന്നു മാറി കളിക്കാരെ ടീമിലെത്തിക്കാന്‍ ഐ.പി.എല്‍ മാതൃകയില്‍ താരലേലം നടത്തുന്നതിനാണ് മാറ്റങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഥമ പരിഗണന നല്‍കുന്നത്.
പി.എസ്.എല്‍ പണമെറിയുന്ന ലീഗായി മാറുന്നതോടെ, ഈ ലീഗിനെ തഴഞ്ഞ് ആരാണ് ഐ.പി.എല്ലിലേക്ക് പോവുന്നതെന്ന് കാണണം,’ എന്നായിരുന്നു റമീസ് രാജയുടെ വെല്ലുവിളി.
എന്നാല്‍ 16 കോടി രൂപ മുടക്കി ഒരു താരത്തെ ടീമിലെത്തിക്കാന്‍ പി.എസ്.എല്ലിന് കഴിയില്ലെന്ന് ഉദാഹരണ സഹിതം വിശദീകരിച്ചായിരുന്നു ആകാശ് ചോപ്ര റമീസ് രാജയുടെ വായടപ്പിച്ചത്.
‘ലോകത്തെ ഒരു ലീഗിനും ഐ.പി.എല്ലിന്റെ അടുത്തെത്താന്‍ സാധിക്കില്ല. ഉദാഹരണത്തിന് ക്രിസ് മോറിസിന് കഴിഞ്ഞ സീസണില്‍ കിട്ടിയ പ്രതിഫലം ഒന്ന് വിശകലനം ചെയ്യുക. മറ്റൊരു ലീഗിലും ഒരു കളിക്കാരന് ഇത്രയും തുക നല്‍കാന്‍ സാധിക്കില്ല.
കഴിഞ്ഞ സീസണില്‍ ഒരു ഡെലിവറിക്കുള്ള പ്രതിഫലം മറ്റ് ലീഗുകളിലെ കളിക്കാരുടെ ആകെ പ്രതിഫലത്തേക്കാള്‍ കൂടുതലാണ്.
മറ്റൊരു ലീഗിനും ഐ.പി.എല്ലുമായി താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ റമീസ് രാജയുടെ പ്രസ്താവന തെറ്റാണ്,’ ആകാശ് ചോപ്ര പറയുന്നു.
മാര്‍ച്ച് 26ന് ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാനിരിക്കെയാണ് റമീസ് രാജയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.