സച്ചിനും ഗാംഗുലിയും ലോകകപ്പ് കളിക്കാതിരിക്കാന്‍ കാരണക്കാരന്‍ രാഹുല്‍ ദ്രാവിഡ്, അവരതില്‍ പശ്ചാത്തപിച്ചിരിക്കാം; വെളിപ്പെടുത്തലുമായി മുന്‍ ഒഫീഷ്യല്‍
2007ലെ ടി-20 ലോകകപ്പ് എന്നും ഇന്ത്യയെ സംബന്ധിച്ച് മധുരമുള്ള ഓര്‍മയായിരിക്കും. എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ഒരുപറ്റം യുവതാരങ്ങളുമായി കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീം പാകിസ്ഥാനെ തകര്‍ത്താണ് വിശ്വവിജയികളായത്.
ടീമിലെ മുതിര്‍ന്ന താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരൊന്നും ഇല്ലാതെയാണ് ഇന്ത്യ ടൂര്‍ണമെന്റിനായി ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്.
പരിചയ സമ്പന്നരായ താരങ്ങളുടെ അഭാവത്തിലും രോഹിത് ശര്‍മ, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ എന്നിവര്‍ക്ക് തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ അവസരം നല്‍കിയിരുന്നു. മൂവരും ഫൈനലില്‍ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകവുമായിരുന്നു.
യുവതാരങ്ങളായിരുന്നു ഇന്ത്യയുടെ ശക്തി. ടി-20 ലോകകപ്പിന്റെ ഉദ്ഘാടന സീസണില്‍ ചാമ്പ്യന്‍മാരായതിനെ കുറിച്ചും ഇന്ത്യന്‍ ടീമിന്റെ യാത്രയെ കുറിച്ചുമെല്ലാം പറയുകയാണ് അന്നത്തെ ടീം മാനേജരായിരുന്ന ലാല്‍ചന്ദ് രാജ്പുത്.
സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ചന്ദ് ഇന്ത്യയുടെ വിജയത്തെ കുറിച്ച് പറഞ്ഞത്.
സച്ചിനെയും ഗാംഗുലിയെയും ലോകകപ്പ് ടീമില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത് ദ്രാവിഡാണെന്നാണ് അദ്ദേഹം പറയുന്നത്.
‘സൗരവിനോടും സച്ചിനോടും ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ദ്രാവിഡ് ആവശ്യപ്പെടുകയായിരുന്നു. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ വേണ്ടിയായിരുന്നു അത്,’ ലാല്‍ചന്ദ് പറയുന്നു.
ഇന്ത്യ ലോകകപ്പ് നേടിയതിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ അവരുടെ തീരുമാനത്തെയോര്‍ത്ത് പശ്ചാത്തപിച്ചിട്ടുണ്ടാവാമെന്നും അദ്ദേഹം പറയുന്നു.
ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളി. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 157 റണ്‍സാണ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയായ മിസ്ബ ഉള്‍ ഹഖ് പുറത്താവുമ്പോള്‍ 152 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.
ഗൗതം ഗംഭീറായിരുന്നു ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 54 പന്തില്‍ നിന്നും 75 റണ്‍സാണ് ഗംഭീര്‍ സ്വന്തമാക്കിയത്. ആറാമനായി കളത്തിലിറങ്ങി 16 പന്തില്‍ നിന്നും പുറത്താവാതെ 30 റണ്‍സ് നേടിയ രോഹിത് ശര്‍മയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
പാകിസ്ഥാന് വേണ്ടി ഉമര്‍ ഗുല്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മിസ്ബ ഉള്‍ ഹഖായിരുന്നു പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. 43 റണ്‍സായിരുന്നു മിസ്ബ സ്വന്തമാക്കിയത്.
ഇന്ത്യക്ക് വേണ്ടി ആര്‍.പി. സിങ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിസ്ബയുടേതടക്കം രണ്ട് വിക്കറ്റാണ് ജോഗീന്ദര്‍ ശര്‍മ സ്വന്തമാക്കിയത്.
Content Highlight: Former Indian Cricket Team’s manager says Dravid stopped Sourav and Sachin from participating in the 2007 T20 World Cup