ഐ.പി.എല്ലിലെ സെന്‍സേഷന്‍ താരങ്ങളില്‍ ഒരാളായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാര്‍ പേസര്‍ ഉമ്രാന്‍ മാലിക്. കാറ്റിനെ അതിശയിപ്പിക്കുന്ന വേഗതയില്‍ പന്തെറിഞ്ഞ് ബാറ്റര്‍മാരെ വട്ടം കറക്കിയിരുന്ന താരം എമേര്‍ജിങ് പ്ലെയറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഐ.പി.എല്ലിലെ സൂപ്പര്‍ പ്രകടനത്തിന് പിന്നാലെ ഉമ്രാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ ടി-20 ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം ഭയന്നിരുന്നതും ഉമ്രാന്റെ വന്യമായ വേഗത്തെ തന്നെയായിരുന്നു.
പ്രാക്ടീസ് സെഷനില്‍ അക്തറിന്റെ 161 കിലോമീറ്റര്‍ വേഗതയിലുള്ള ബൗളിംങ് റെക്കോഡും താരം ഭേദിച്ചിരുന്നു. എന്നാല്‍ പരമ്പരയിലുടനീളം അര്‍ഷ്ദീപ് സിങ്ങിനൊപ്പം ബെഞ്ചിലിരിക്കാനായിരുന്നു താരത്തിന്റെ വിധി.
എന്നാലിപ്പോള്‍, ഇന്ത്യക്കായി മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ ഉമ്രാന്‍ ടീമില്‍ നിന്നും പുറത്താകുമെന്നും ഒരുപക്ഷേ വരുണ്‍ ചക്രവര്‍ത്തിയടക്കമുള്ള മറ്റു താരങ്ങളുടെ അവസ്ഥ വന്നേക്കാമെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍.
സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചാറ്റ് ഷോയിലായിരുന്നു ബാംഗര്‍ ഇക്കാര്യം പറഞ്ഞത്.
‘ടി-20 ലോകകപ്പിന് മുമ്പ് തന്നെ അവന് അരങ്ങേറ്റ മത്സരം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. അപ്പോഴേക്കും വെസ്റ്റ് ഇന്‍ഡീസ് പര്യടനം അവസാനിക്കുകയും, അവന്‍ കുറഞ്ഞത് അഞ്ച് മത്സരമെങ്കിലും കളിക്കുകയും ചെയ്തിരിക്കും.
എന്നാല്‍, ലോകകപ്പിലെ മത്സരഫലങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായി വന്നില്ലെങ്കില്‍ വൈകാതെ അവന്‍ ടീമില്‍ നിന്നും പുറത്തായേക്കാം. രാഹുല്‍ ചഹറും വരുണ്‍ ചക്രവര്‍ത്തിയും കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ഉണ്ടായിരുന്നവരാണ്. എന്നാല്‍ അവരെ ഇപ്പോള്‍ എവിടെയും കാണാന്‍ സാധിക്കുന്നില്ല.
അതുകൊണ്ടുതന്നെ ഉമ്രാന്‍ മാലിക്കിനും ഇതേ അവസ്ഥ അഭിമുഖീകരിക്കേണ്ടതായും ടീമിന് പുറത്താകേണ്ടി വരികയും ചെയ്യണമെന്ന് ആരും തന്നെ ആഗ്രഹിക്കില്ല,’ ബാംഗര്‍ പറഞ്ഞു.
വരാനിരിക്കുന്ന ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിലും ഉമ്രാന്‍ മാലിക് ഇടം നേടിയിട്ടുണ്ട്. ഈ സീരീസില്‍ താരം കളിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇതിന് പുറമെ, ഇംഗ്ലണ്ടുമായുള്ള ടി-20 പരമ്പരയിലും അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇതേ ടീമിനെ അയക്കാനും ബി.സി.സി.ഐ പദ്ധതിയിടുന്നുണ്ട്. അങ്ങനെയെങ്കില്‍ കൂടുതല്‍ മത്സരം താരത്തിന് കളിക്കാന്‍ സാധിച്ചേക്കുമെന്നാണ് കരുതുന്നത്.
Content highlight: Former Indian Coach Sanjay Bangar about Umran Malik