ഐ.പി.എല്ലില്‍ മുംബൈയ്‌ക്കെതിരെ രണ്ടാം മത്സരം കളിക്കാനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് എട്ടിന്റെ പണികൊടുത്ത് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവിശാസ്ത്രി.
രാജസ്ഥാന്റെ ബാറ്റിംഗ് നിരയുടെ കുതിപ്പ് തടയാനാവശ്യമായ നിര്‍ദേശങ്ങള്‍ മുംബൈ ബൗളര്‍മാര്‍ക്ക് നിര്‍ദേശിച്ചാണ് ശാസ്ത്രി രാജസ്ഥാനെ ആപ്പിലാക്കിയിരിക്കുന്നത്.
രാജസ്ഥാന്റെ ബാറ്റിംഗ് നിരയിലെ കരുത്തനായ ജോസ് ബട്‌ലറിനെ തുടക്കത്തില്‍ തന്നെ പിടിച്ചുകെട്ടണമെന്നും, ബുംറയെ ആ ചുമതലയേല്‍പ്പിക്കണമെന്നും ശാസ്ത്രി പറയുന്നു.
‘ഞാന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനെ എങ്ങനെ തടഞ്ഞുനിര്‍ത്താം എന്നായിരുന്നില്ല ആലോചിച്ചിരുന്നത്, മറിച്ച് എത്രയും പെട്ടന്ന് എങ്ങനെ പുറത്താക്കാം എന്നായിരുന്നു ആലോചന.
ഈ രീതിയില്‍ മുംബൈ ഇന്ത്യന്‍സ് ജോസ് ബട്‌ലറിനെ പുറത്താക്കുന്നതിനെ കുറിച്ച് വേണം ചിന്തിക്കാന്‍. ആ ചുമതല ബുംറയ്ക്ക് നല്‍കണം. ബട്‌ലര്‍ ആദ്യ ആറ് ഓവര്‍ സ്റ്റാന്‍ഡ് ചെയ്ത് കളിക്കുകയാണെങ്കില്‍ പിന്നെ അവനെ തടയാന്‍ പ്രയാസമായിരിക്കും,’ ശാസ്ത്രി പറയുന്നു.
‘ബട്‌ലര്‍ എതിര്‍ ടീമിന് മേല്‍ ആക്രമിച്ച് കളിക്കുന്ന താരമാണ്. അവന്‍ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചാല്‍ അത് ഏത് ടീമിനേയും കുഴപ്പത്തിലാക്കും എന്നുറപ്പാണ്.
അതുകൊണ്ട് തന്നെ ബട്‌ലറെ തുടക്കത്തില്‍ തന്നെ പുറത്താക്കാനാണ് മുംബൈ ശ്രമിക്കേണ്ടത്. അതിവേഗം സ്‌കോര്‍ ചെയ്യാനും എതിരാളികളെ തകര്‍ക്കാനും സാധിക്കുന്ന, ഏത് ഷോട്ടും വഴങ്ങുന്ന അസാധ്യ ബാറ്ററാണ് ബട്‌ലര്‍,’ രവിശാസ്ത്രി കൂട്ടിച്ചേര്‍ക്കുന്നു.
ബട്‌ലറും ബുംറയും തമ്മിലുള്ള പോരാട്ടം കാണേണ്ടതുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജസ്പ്രിത് ബുംറയും ജോഫ്രാ ആര്‍ച്ചറും ടൈമല്‍ മില്‍സും മുംബൈ ബൗളിംഗിനെ നയിക്കുമ്പോള്‍ ട്രന്റ് ബോള്‍ട്ടും ചഹലും ആര്‍. അശ്വിനുമാണ് റോയല്‍സിന്റെ കരുത്ത്. തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിനാവും ശനിയാഴ്ച നവി മുംബൈ സാക്ഷ്യം വഹിക്കുന്നത് എന്ന കാര്യം ഉറപ്പാണ്.