ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഡിസംബര്‍ 26ന് ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദിയാകുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിക്കുകയാണ്.
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 295 റണ്‍സിന്റെ കൂറ്റന്‍ വിജയം ഇന്ത്യ നേടിയപ്പോള്‍ അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ ജയവുമായി ആതിഥേയര്‍ തിരിച്ചടിച്ചു. മഴ കളിച്ച ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് സമിനലയിലും കലാശിച്ചു.
ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ നാലാം ടെസ്റ്റിനിറങ്ങുകയെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഒറ്റയ്ക്ക് ഇന്ത്യയെ തോളിലേറ്റുകയാണെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രി, പരമ്പരയില്‍ നിലവില്‍ 1-1ന് തുടരുന്നത് മികച്ചതാണെന്നും അഭിപ്രായപ്പെട്ടു.
‘വളരെ മികച്ചത്. 1-1 എന്ന റിസള്‍ട്ടിനായി അവര്‍ എന്തും ചെയ്യുമായിരുന്നു. ആദ്യ ടെസ്റ്റ് പെര്‍ത്തില്‍ നടന്നു, രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ ഡേ – നൈറ്റ് ഫോര്‍മാറ്റില്‍ നടന്ന മത്സരമായിരുന്നു, ശേഷം മൂന്നാം ടെസ്റ്റിന് ബ്രിസ്ബെയ്നും വേദിയായി.
ഏതൊരു ഓവര്‍സീസ് ടീമും 1-1 എന്ന നിലയില്‍ സെറ്റില്‍ ചെയ്യാന്‍ ആഗ്രഹിക്കും. എനിക്ക് തോന്നുന്നത് മെല്‍ബണിലും സിഡ്നിയിലും ഇന്ത്യ ശക്തരായി തന്നെ മടങ്ങി വരുമെന്നാണ്,’ ശാസ്ത്രി പറഞ്ഞു.
മറ്റ് താരങ്ങളില്‍ നിന്നും ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ ലഭിച്ചാല്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയ സമ്മര്‍ദത്തിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ജസ്പ്രീത് ബുംറ ഒറ്റയ്ക്കാണ് ഈ പരമ്പര നിലനിര്‍ത്തുന്നത്. ടീമിലെ മറ്റ് പ്രധാന താരങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്താല്‍, അങ്ങനെ സംഭവിക്കുമെന്നാണ് എന്റെ മനസ് പറയുന്നത്, ഓസ്ട്രേലിയക്ക് വളരെ വലിയ പ്രതിസന്ധി നേരിടേണ്ടി വരും.
ശരിയാണ്, അവര്‍ ജയിലില്‍ നിന്നും മടങ്ങി വന്നു പക്ഷേ ജാമ്യം ലഭിച്ചിട്ടില്ല എന്ന അവസ്ഥയിലാണ്. മെല്‍ബണില്‍ അവര്‍ പൂര്‍ണമായും സ്വതന്ത്രരാണ്. അവര്‍ എന്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവോ അത് ചെയ്യാനും ബോക്സിങ് ഡേയില്‍ ഓസ്ട്രേലിയയെ ആക്രമിക്കാനും അവര്‍ക്ക് സാധിക്കും,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ പുറത്തെടുക്കുന്നത്. കളിച്ച മൂന്ന് മത്സരത്തിലെ ആറ് ഇന്നിങ്സിലും അവിശ്വസനീയമായ രീതിയിലാണ് താരം പന്തെറിഞ്ഞത്.
ആറ് ഇന്നിങ്സില്‍ നിന്നുമായി ഇതിനോടകം തന്നെ 21 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇന്ത്യന്‍ നിരയിലും ഓസീസ് നിരയിലും മറ്റൊരു ബൗളറും 15 വിക്കറ്റ് തികച്ച് നേടിയിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
25.14 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും 10.90 എന്ന അതിലും മികച്ച ശരാശരിയിലുമാണ് ബുംറ പന്തെറിയുന്നത്. ഇതിനോടകം തന്നെ രണ്ട് ഫൈഫറുകളും താരം സ്വന്തമാക്കി.
അതേസമയം, ശേഷിക്കുന്ന രണ്ട് ടെസ്റ്റിനുള്ള സ്‌ക്വാഡ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആദ്യ മൂന്ന് മത്സരത്തിലും ടീമിനൊപ്പമുണ്ടായിരുന്ന ഓപ്പണര്‍ നഥാന്‍ മക്സ്വീനിക്ക് പകരം 19കാരനായ സാം കോണ്‍സ്റ്റാസിനെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിന്റെ ഭാഗമാണ്.