വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായി വമ്പന്‍ നിരീക്ഷണങ്ങളുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ബൗളര്‍മാര്‍ റണ്‍ വഴങ്ങുന്നത് കാരണമല്ല ഇന്ത്യ പരാജയപ്പെടുന്നതെന്നും, അതിന് കാരണം ഫീല്‍ഡര്‍മാരുടെ പോരായ്മയാണെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.
ഇത്തവണത്തെ ലോകകപ്പ് ജയിക്കണമെങ്കില്‍ ഫീല്‍ഡിങ്ങില്‍ കാര്യമായി തന്നെ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകനായ അയാസ് മേമനോടായിരുന്നു ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെ ഫീല്‍ഡിങ്ങിലെ പോരായ്മ ഏഷ്യാ കപ്പിലും പ്രകടമായിരുന്നുവെന്നും രവീന്ദ്ര ജഡേജയെ പോലെ ഒരു ഫീല്‍ഡറുടെ അഭാവം ലോകകപ്പില്‍ ഇന്ത്യയെ പ്രതികൂലമായി തന്നെ ബാധിക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു.
എതിരാളികള്‍ 200 റണ്‍സിലധികം നേടുന്നതില്‍ നിരന്തര വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടി വന്ന ബൗളര്‍മാരെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചത്.
‘എല്ലാവരും ബൗളര്‍മാരെയാണ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഫീല്‍ഡര്‍മാര്‍ അവരുടെ നിലവാരം ഉയര്‍ത്തണം. അങ്ങനെയെങ്കില്‍ അധികമായി വഴങ്ങേണ്ടി വരുന്ന 15-20 റണ്‍സുകള്‍ക്ക് തടയിടാന്‍ സാധിക്കും,’ രവി ശാസ്ത്രി പറഞ്ഞു.
ഇപ്പോഴുള്ള ഇന്ത്യന്‍ ടീം പരിചയസമ്പന്നരായ കളിക്കാരുടെയും യുവ താരങ്ങളുടെയും പെര്‍ഫെക്ട് ബ്ലെന്‍ഡാണെന്നും അവരുടെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലാണെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ മധ്യനിര ബാറ്റര്‍മാര്‍ ഏറെ മികച്ചതാണെന്നും ഇതുകൊണ്ട് തന്നെ മുന്‍നിര ബാറ്റര്‍മാര്‍ക്ക് അടിച്ചുകളിക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ലോകകപ്പിന് ശേഷം 2007 ടി-20 ലോകകപ്പിലെ അതേ അവസ്ഥ തന്നെയാണ് ഇന്ത്യന്‍ ടീമില്‍ ഉടലെടുക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഈ ലോകകപ്പിന് ശേഷം 2007 ലോകകപ്പിന് ശേഷമുള്ളതിന് സമാനമായി ഒരു പുതിയ ടീമായിരിക്കും ഇന്ത്യക്കുണ്ടാവുക. അന്ന് ഇന്ത്യക്കൊപ്പം സച്ചിന്‍ ടെന്‍ഡുല്‍ക്കറോ രാഹുല്‍ ദ്രാവിഡോ സൗരവ് ഗാംഗുലിയോ ഉണ്ടായിരുന്നില്ല. അതുതന്നെ ഇപ്പോള്‍ സംഭവിക്കാനും സാധ്യതയുണ്ട്.
അടുത്ത വര്‍ഷം 50 ഓവര്‍ ലോകകപ്പ് നടക്കാനിരിക്കുകയാണ്. ‘ആ താരങ്ങള്‍ക്ക്’ മേല്‍ അധിക സമ്മര്‍ദം ഇപ്പോള്‍ ചെലുത്തരുത്,’ രവി ശാസ്ത്രി പറയുന്നു.