ജയിലില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും ഇനിയും ജാമ്യം ലഭിച്ചിട്ടില്ല; മെല്‍ബണ്‍ ടെസ്റ്റിന് മുന്നോടിയായി മുന്‍ പരിശീലകന്‍
Sports News
ജയിലില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും ഇനിയും ജാമ്യം ലഭിച്ചിട്ടില്ല; മെല്‍ബണ്‍ ടെസ്റ്റിന് മുന്നോടിയായി മുന്‍ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th December 2024, 8:17 pm

ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിച്ചതിന്റെ സകല ആത്മവിശ്വാസവുമായാണ് ഇന്ത്യ മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന് കളത്തിലിറങ്ങുകയെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി.

ജസ്പ്രീത് ബുംറ ഒറ്റയ്ക്ക് ഇന്ത്യയെ തോളിലേറ്റുകയാണെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രി, പരമ്പരയില്‍ നിലവില്‍ 1-1ന് ഒപ്പത്തിനൊപ്പം തുടരുന്നത് മികച്ചതാണെന്നും അഭിപ്രായപ്പെട്ടു.

ഐ.സി.സി റിവ്യൂവില്‍ സംസാരിക്കുകയായിരുന്നു 1983 ലോകകപ്പ് ഹീറോ കൂടിയായ രവി ശാസ്ത്രി.

‘വളരെ മികച്ചത്. 1-1 എന്ന റിസള്‍ട്ടിനായി അവര്‍ എന്തും ചെയ്യുമായിരുന്നു. ആദ്യ ടെസ്റ്റ് പെര്‍ത്തില്‍ നടന്നു, രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ ഡേ – നൈറ്റ് ഫോര്‍മാറ്റില്‍ നടന്ന മത്സരമായിരുന്നു, ശേഷം മൂന്നാം ടെസ്റ്റിന് ബ്രിസ്‌ബെയ്‌നും വേദിയായി.

ഏതൊരു ഓവര്‍സീസ് ടീമും 1-1 എന്ന നിലയില്‍ സെറ്റില്‍ ചെയ്യാന്‍ ആഗ്രഹിക്കും. എനിക്ക് തോന്നുന്നത് മെല്‍ബണിലും സിഡ്‌നിയിലും ഇന്ത്യ ശക്തരായി തന്നെ മടങ്ങി വരുമെന്നാണ്,’ ശാസ്ത്രി പറഞ്ഞു.

ജസ്പ്രീത് ബുംറയ്ക്ക് മറ്റ് താരങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചാല്‍ മെല്‍ബണില്‍ ഓസ്‌ട്രേലിയ സമ്മര്‍ദത്തിലാകുമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.

‘ജസ്പ്രീത് ബുംറ ഒറ്റയ്ക്കാണ് ഈ പരമ്പര നിലനിര്‍ത്തുന്നത്. ടീമിലെ മറ്റ് പ്രധാന താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്താല്‍, അങ്ങനെ സംഭവിക്കുമെന്നാണ് എന്റെ മനസ് പറയുന്നത്, ഓസ്‌ട്രേലിയ വളരെ വലിയ പ്രതിസന്ധി നേരിടേണ്ടി വരും.

ശരിയാണ്, അവര്‍ ജയിലില്‍ നിന്നും മടങ്ങി വന്നു പക്ഷേ ജാമ്യം ലഭിച്ചിട്ടില്ല എന്ന അവസ്ഥയിലാണ്. മെല്‍ബണില്‍ അവര്‍ പൂര്‍ണമായും സ്വതന്ത്രരാണ്. അവര്‍ എന്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവോ അത് ചെയ്യാനും ബോക്‌സിങ് ഡേയില്‍ ഓസ്‌ട്രേലിയയെ ആക്രമിക്കാനും അവര്‍ക്ക് സാധിക്കും,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, നാലാം ടെസ്റ്റിന് മുന്നോടിയായി സ്‌ക്വാഡ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ പോര്‍മുഖം തുറന്നിരിക്കുകയാണ്. ആദ്യ മൂന്ന് മത്സരത്തിലും ടീമിനൊപ്പമുണ്ടായിരുന്ന ഓപ്പണര്‍ നഥാന്‍ മക്‌സ്വീനിക്ക് പകരം 19കാരനായ സാം കോണ്‍സ്റ്റാസിനെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിന്റെ ഭാഗമാണ്.

ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ജേയ് റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, ബ്യൂ വെബ്സ്റ്റര്‍.

നിലവില്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍ അഡ്ലെയ്ഡില്‍ പത്ത് വിക്കറ്റിന് വിജയിച്ചാണ് കങ്കാരുക്കള്‍ തിരിച്ചടിച്ചത്. ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. മെല്‍ബണില്‍ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന് ശേഷം ജനുവരി ആദ്യ വാരം സിഡ്നിയില്‍ വെച്ചാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം അരങ്ങേറുക.

 

Content Highlight: Former Indian coach Ravi Shastri about India vs Australia 4th test