ഐ.പി.എല്ലില്‍ തന്റെ മോശം ഫോം തുടര്‍ക്കഥയാക്കിയിരിക്കുകയാണ് മുന്‍ നായകന്‍ വിരാട് കോഹ്‌ലി. ടി-20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായ വിരാട് തന്റെ പ്രതിഭയുടെ നൂറിലൊന്നുപോലും പുറത്തെടുക്കാനാവാതെ ഈ സീസണില്‍ പതറുകയാണ്.
മുന്‍ സീസണുകളില്‍ താരത്തിന്റെ അഗ്രസ്സീവ് പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്ന ആരാധകര്‍ക്ക് ഓരോ മത്സരം കഴിയുമ്പോഴും നിരാശ മാത്രമാണ് വിരാട് നല്‍കുന്നത്. നിരാശയുടെ തോത് കൂടുന്നു എന്നതിലുപരി മറ്റൊന്നും തന്നെ ചെയ്യാനില്ലാത്ത അവസ്ഥയിലുമാണ് വിരാട് ആരാധകര്‍.
ഈ വര്‍ഷം ഐ.സി.സി ടി-20 ലോകകപ്പ് നടക്കാനിരിക്കെവെയാണ് വിരാട് തന്റെ മോശം ഫോം തുടരുന്നതെന്നതും ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് വിരാട് തത്കാലത്തേക്കെങ്കിലും ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കണമെന്ന് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി നിര്‍ദേശിക്കുന്നത്. അടിയന്തരമായി വിരാട് ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കണമെന്നും രവിശാസ്ത്രി ചൂണ്ടിക്കാട്ടുന്നു.
‘ഞാന്‍ നേരിട്ട് വിഷയത്തിലേക്ക് വരാം. വിരാട് കോഹ്‌ലി അത്യധികം പരിക്ഷീണിതനായിരിക്കുന്നു. ഇപ്പോള്‍ ആര്‍ക്കെങ്കിലും ഇടവേളയാവശ്യമായിട്ടുണ്ടെങ്കില്‍ അത് കോഹ്‌ലിക്ക് മാത്രമാണ്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പോ ശേഷമോ രണ്ട് മാസം അല്ലെങ്കില്‍ ഒരു മാസം അതുമല്ലെങ്കില്‍ 15 ദിവസമെങ്കിലും കോഹ്‌ലി അടിയന്തരമായി വിശ്രമമെടുക്കണം,’ രവി ശാസ്ത്രി പറയുന്നു.
വിരാടിന് ഇനിയും ആറേഴ് വര്‍ഷം കരിയര്‍ ബാക്കിയുണ്ടെന്നും ബി.സി.സി.ഐ വേണ്ട പോലെ വിരാടിനെ പരിഗണിക്കണമെന്നും ശാസ്ത്രി വ്യക്തമാക്കുന്നു.
‘വിരാടിന് വിശ്രമം വേണമെന്ന് ഞാന്‍ പറയുന്നതെന്തിനെന്നാല്‍ ഇനിയും ആറ്-ഏഴ് വര്‍ഷത്തോളം ക്രിക്കറ്റ് അവനില്‍ ബാക്കിയുണ്ട്. അത്യധ്വാനം ചെയ്യിച്ച് അതിനെ വെറുതെ നശിപ്പിക്കരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മത്സരത്തില്‍ കോഹ്‌ലിയുടെ ആര്‍.സി.ബി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ സംപൂജ്യനായിട്ടായായിരുന്നു വിരാടിന്റെ മടക്കം.
എന്നാല്‍ ഇത്രയും നാളത്തെ മോശം ഫോമിനെ മറികടന്ന് അടുത്ത മത്സരത്തില്‍ താരം തിരിച്ചെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.