അവനെ ജീവിതകാലത്തേക്ക് ക്രിക്കറ്റില്‍ നിന്നും വിലക്കണം, ഗ്രൗണ്ടില്‍ കാലുകുത്താന്‍ അനുവദിക്കരുത്; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി
Sports News
അവനെ ജീവിതകാലത്തേക്ക് ക്രിക്കറ്റില്‍ നിന്നും വിലക്കണം, ഗ്രൗണ്ടില്‍ കാലുകുത്താന്‍ അനുവദിക്കരുത്; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th April 2022, 4:08 pm

2013ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരിക്കെ യുസ്വേന്ദ്ര ചഹലിന്റെ ജീവന് തന്നെ ആപത്താകുന്ന രീതിയില്‍ പെരുമാറിയ താരം ആരുതന്നെയായാലും അവനെ ജീവിതകാലത്തേക്ക് ക്രിക്കറ്റില്‍ നിന്നും വിലക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രവി ശാസ്ത്രി.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയിലെ ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ശാസ്ത്രിയുടെ പരാമര്‍ശം.

‘ഇത് ഇന്നാണ് സംഭവിച്ചിരുന്നതെങ്കില്‍? അവനെ ജീവിതകാലത്തേക്ക് ക്രിക്കറ്റില്‍ നിന്നും വിലക്കണം. കൂടാതെ കഴിയുന്നതും വേഗം മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുചെന്നിടുകയും വേണം.

ഇതൊരു തമാശയല്ലെന്ന് മനസിലാക്കാന്‍ അവനെ ജീവിതകാലത്തേക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ പോലും അനുവദിക്കരുത്,’ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു താന്‍ മരണത്തെ മുഖാമുഖം കണ്ട അനുഭവം ചഹല്‍ വെളിപ്പെടുത്തിയത്.

അധികം ആര്‍ക്കും ഇതേ കുറിച്ച് അറിയില്ല എന്നുപറഞ്ഞുകൊണ്ടാണ് ചഹല്‍ ഇക്കാര്യം പറയുന്നത്. 2013ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരിക്കെ മദ്യപിച്ച് ലക്കുകെട്ട സഹതാരത്തിന്റെ ആക്രണത്തില്‍ നിന്നും താന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് താരം വെളിപ്പെടുത്തുന്നത്.

‘എന്റെ ഈ കഥ കുറച്ചുപേര്‍ക്കെങ്കലും അറിയാം. ഇത് ഞാന്‍ ആരുമായും മുമ്പ് പങ്കുവെച്ചിട്ടില്ല. ബെംഗളൂരുവില്‍ വെച്ച് മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന സമയമായിരുന്നു അത്.

മത്സത്തിന് ശേഷം ഒരു ഗെറ്റ് റ്റുഗദര്‍ ഉണ്ടായിരുന്നു. മദ്യപിച്ച് ലക്കുകെട്ട ഒരു സഹതാരം എന്നെ വിളിച്ചുകൊണ്ടുപോയി ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് തൂക്കിയിട്ടു.

കെട്ടിടത്തിന്റെ 15ാം നിലയിലായിരുന്നു ഞങ്ങള്‍ അപ്പോള്‍ ഉണ്ടായിരുന്നത്. അപ്പോഴേക്കും മറ്റ് താരങ്ങള്‍ വന്ന് എല്ലാം നിയന്ത്രിച്ചു, എനിക്ക് കുടിക്കാന്‍ വെള്ളം തന്നു.

ചെറിയ രീതിയില്‍ ഒരു പിഴവ് സംഭവിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഉറപ്പായും താഴെ വീഴുമായിരുന്നു. ആരാണ് എന്നോടിത് ചെയ്തതെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല,’ എന്നായിരുന്നു ചഹല്‍ പറഞ്ഞത്.

Content Highlight: Former Indian Coach Ravi Shasthri explodes after  Yuzvendra Chahal’s sensational disclosure