മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി മുന്‍ പരിശീലകന്‍ രവിശാസ്ത്രി. ട്രോഫികള്‍ നേടുന്നതിന്റെ അടിസ്ഥാനത്തിലല്ല ഒരു കളിക്കാരനെയൊ അയാളുടെ ക്യാപ്റ്റന്‍സിയെയോ വിലയിരുത്തേണ്ടതെന്നും, അങ്ങനെ നോക്കുകയാണെങ്കില്‍ ഗാംഗുലിക്ക് എത്ര ഐ.സി.സി ട്രോഫി ഉണ്ടെന്നും ശാസ്ത്രി ചോദിക്കുന്നു.
ലോകകപ്പ് നേടാത്തതുകൊണ്ട് ഒരു താരവും മോശക്കാരനാവുന്നില്ലെന്നും രവിശാസ്ത്രി തുറന്നടിച്ചു.
‘പല താരങ്ങളും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല. സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും വി.വി.എസ് ലക്ഷ്മണും ലോകകപ്പ് നേടിയിട്ടില്ല.
രോഹിത് ശര്‍മയ്ക്ക് പോലും കപ്പ് നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അതിനര്‍ത്ഥം അവര്‍ മോശം താരങ്ങളാണ് എന്നല്ല. ലോകകപ്പ് നേടിയ നായകന്‍മാര്‍ കപില്‍ ദേവും എം.എസ് ധോണിയും മാത്രമാണ്,’ രവിശാസ്ത്രി പറയുന്നു.
തന്റെ ആദ്യ കിരീടം നേടുവാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ആറ് ലോകകപ്പുകള്‍ കാത്തിരിക്കേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
‘ലോകകപ്പ് നേടിയോ ഇല്ലയോ എന്നൊന്നും നോക്കിയല്ല നിങ്ങള്‍ വിലയിരുത്തപ്പെടുന്നത്. നിങ്ങള്‍ എങ്ങനെ കളിക്കുന്നു, സത്യസന്ധതയോടെയാണോ ടീമിന് വേണ്ടി കളിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ വിലയിരുത്തപ്പെടുന്നത്, അങ്ങനെയായിരിക്കണം ഓരോ കളിക്കാരെയും വിലയിരുത്തേണ്ടത്’ രവിശാസ്ത്രി പറഞ്ഞു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ നായകസ്ഥാനം ഒഴിഞ്ഞതിനെ കുറിച്ചുള്ള അഭിപ്രായവും ശാസ്ത്രി വ്യക്തമാക്കിയിരുന്നു.
ഏറ്റവും കുറഞ്ഞത് അടുത്ത രണ്ട് വര്‍ഷമെങ്കിലും വിരാടിന് ഇന്ത്യയെ നയിക്കാന്‍ സാധിക്കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. അടുത്ത രണ്ട് വര്‍ഷങ്ങളിലും ഇന്ത്യ ഹോം മത്സരങ്ങളാണ് കളിക്കുന്നതെന്നും റാങ്കിംഗില്‍ കുറവുള്ള ടീമുകളാണ് ഇന്ത്യയില്‍ പര്യടനം നടത്താനെത്തുന്നതെന്നും അദ്ദേഹം പറയുന്നു.
അത്തരമൊരു സാഹചര്യത്തില്‍ വിരാടിന് കീഴില്‍ ഇന്ത്യയ്ക്ക് 50 ടെസ്റ്റ് വിജയങ്ങളിലെത്താനും സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ വിരാടിന്റെ കീഴിലുള്ള ഇന്ത്യയുടെ നേട്ടം അധികമാര്‍ക്കും ദഹിക്കില്ല എന്നും വിരാടിന് കീഴില്‍ ഇന്ത്യ 40 വിജയങ്ങള്‍ നേടിയത് അവരെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
വിരാടിനെ ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്നും മാറ്റിയപ്പോള്‍ വിരാടിനെ പിന്തുണച്ചവരില്‍ പ്രധാനിയായിരുന്നു രവിശാസ്ത്രി.
Content highlight: Former Indian Coach Ravi Sasthri slams Sourav Ganguly