ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് ഇനി വരാനുള്ള അന്താരാഷ്ട്ര മത്സരങ്ങള്‍. ഐ.പി.എല്ലിന് ശേഷം ജൂണ്‍ മാസം അവസാനമാണ് ഇംഗ്ലണ്ടുമായുള്ള മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇപ്പോള്‍, പരമ്പരയില്‍ റിഷബ് പന്തും ശുഭ്മന്‍ ഗില്ലുമടക്കമുള്ള യുവ താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.
വിരാടും ജെയ്സ്വാളും മാത്രമാണ് ഇപ്പോള്‍ 40ല്‍ കൂടുതല്‍ ശരാശരിയില്‍ ബാറ്റ് ചെയ്യുന്നതെന്നും മികച്ച ആറ് ബാറ്റര്‍മാരില്‍ മൂന്നോ നാലോ പേര്‍ 50ല്‍ കൂടുതല്‍ ശരാശരി നേടിയാല്‍ മാത്രമേ ടെസ്റ്റില്‍ വിജയിക്കാനാവൂയെന്നും അദ്ദേഹം പറഞ്ഞു. റെവ്സ്പോര്‍ട്ടിന്റെ ട്രെയില്‍ബ്ലേസേഴ്സ് 3.0ല്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി.
‘യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, റിഷബ് പന്ത് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുക്കണം. റിഷബ് പന്തിന് എപ്പോഴും സ്വിങ് ചെയ്ത് കൊണ്ടേയിരിക്കാനും ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച സ്‌കോറര്‍മാരില്‍ ഒരാളാവാനും കഴിയില്ല. വിരാട് കോഹ്ലിയാണ് ടെസ്റ്റില്‍ ഏറ്റവും മികച്ചത്, ഇംഗ്ലണ്ടിലെ അഞ്ച് മത്സരങ്ങളിലും അദ്ദേഹം പരാജയപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല.
വിദേശ രാജ്യങ്ങളില്‍ 40ല്‍ കൂടുതല്‍ ശരാശരി നേടുന്നത് വിരാടും ജയ്സ്വാളും മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കണമെങ്കില്‍, റെഡ്-ബോള്‍ ക്രിക്കറ്റില്‍ നിങ്ങളുടെ മികച്ച ആറ് ബാറ്റര്‍മാരില്‍ മൂന്നോ നാലോ പേര്‍ 50 ല്‍ കൂടുതല്‍ ശരാശരി നേടണം,’ ഗാംഗുലി പറഞ്ഞു.
ഇംഗ്ലണ്ടില്‍ ജയിക്കാന്‍ വലിയ സ്‌കോറുകള്‍ നേടേണ്ടതുണ്ട് എന്നും ഗാംഗുലി പറഞ്ഞു. ഗാംഗുലി തങ്ങളുടെ കാലത്ത് ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും പാകിസ്ഥാനോടും നേടിയ വിജയങ്ങളെ കുറിച്ചും സംസാരിച്ചു. ആ വിജയങ്ങളെല്ലാം വലിയ സ്‌കോറുകള്‍ നേടിയതുകൊണ്ടാണെന്നും 200, 250, അല്ലെങ്കില്‍ 180 റണ്‍സ് നേടിയതുകൊണ്ട് ടെസ്റ്റില്‍ വിജയിക്കാന്‍ കഴിയില്ലായെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇംഗ്ലണ്ടില്‍ നമുക്ക് മത്സരങ്ങള്‍ ജയിക്കാന്‍ കഴിയും, പക്ഷേ 400-500 റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ ഞങ്ങളുടെ തലമുറയെ കുറിച്ച് സംസാരിക്കുന്നു. അന്ന് ഇംഗ്ലണ്ടില്‍ ഞങ്ങള്‍ വിജയിച്ചു, ഓസ്ട്രേലിയയില്‍ മികച്ച ടീമിനെതിരെ ഞങ്ങള്‍ 1-1 എന്ന സ്‌കോറില്‍ എത്തി, പാകിസ്ഥാനില്‍ ഞങ്ങള്‍ വിജയം നേടിയത് 600 റണ്‍സ് നേടിയതുകൊണ്ടാണ്.
2004ല്‍ ഞങ്ങള്‍ മുള്‍ട്ടാനില്‍ 600 ഉം, ലാഹോറില്‍ 400 ഉം, റാവല്‍പിണ്ടിയില്‍ 700 ഉം റണ്‍സ് നേടി. ബ്രിസ്‌ബേനില്‍ 500 ഉം, അഡ്‌ലെയ്ഡില്‍ 500 ഉം, സിഡ്‌നിയില്‍ 700 ഉം ആയിരുന്നു ഞങ്ങളുടെ സ്‌കോറുകള്‍. ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കാന്‍ നിങ്ങള്‍ക്ക് റണ്‍സുകള്‍ നേടേണ്ടതുണ്ട്. 200, 250, അല്ലെങ്കില്‍ 180 റണ്‍സ് നേടിയതുകൊണ്ട് നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല,’ ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
Content Highlight: Former Indian Captain Sourav Ganguly Wants to Perform Indian Young Players Well In England Test Series