ഐ.പി.എല്ലിന്റെ ഈ സീസണില്‍ പുതിയ ചാമ്പ്യന്‍മാര്‍ പിറക്കുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ രവി ശാസ്ത്രി.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്ത് തന്നെയായാലും പ്ലേ ഓഫില്‍ കടക്കുമെന്നും ഓരോ മത്സരം കഴിയുമ്പോള്‍ ആര്‍.സി.ബി കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് ലൈവില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ശാസ്ത്രി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കുറിച്ചുള്ള നിരീക്ഷണം നടത്തിയത്.
‘ഈ സീസണില്‍ പുതിയ ചാമ്പ്യന്‍മാരെ കാണാന്‍ സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് മികച്ച പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവെക്കുന്നത്. എനിക്കുറപ്പാണ് അവര്‍ എന്തുതന്നെയായാലും പ്ലേ ഓഫില്‍ പ്രവേശിക്കും.
ടൂര്‍ണമെന്റ് പുരോഗമിക്കും തോറും അവര്‍ പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ നല്ല നിലയില്‍ തന്നെയാണ് തുടരുന്നത്. ഓരോ മത്സരം കഴിയുമ്പോഴും അവര്‍ മുന്നോട്ടുതന്നെയാണ് കുതിക്കുന്നത്,’ ശാസ്ത്രി പറയുന്നു.
ആര്‍.സി.ബിയുടെ കുതിപ്പില്‍ നായകനായ ഫാഫ് ഡുപ്ലസിസും മുന്‍ നായകനായ വിരാട് കോഹ്‌ലിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും നിര്‍ണായക പങ്കുവഹിക്കുമെന്നും രവി ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു.
‘വിരാട് നല്ല രീതിയില്‍ തന്നെയാണ് തുടരുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്ലും ടീമിലേക്കെത്തിയിരിക്കുകയാണ്. എതിര്‍ ടീമിന് മുകളില്‍ ബാറ്റുകൊണ്ട് മാക്‌സ്‌വെല്ലിന് എത്രത്തോളം നാശം വിതയ്ക്കാന്‍ സാധിക്കുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാവുന്നതാണ്. ഫാഫ് ഡുപ്ലസിസ് അവരുടെ ക്യാപ്റ്റനാവുന്നത് ബെംഗളൂരുവിനെ സംബന്ധിച്ച് അത്രയും നല്ലതാണ്,’ രവിശാസ്ത്രി പറയുന്നു.
അഞ്ച് കളിയില്‍ നിന്നും മൂന്ന് ജയമാണ് ബെംഗളൂരു ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ആറ് പോയിന്റുമായി ആറാം സ്ഥാനത്താണ് നിലവില്‍ ടീം പോയിന്റ് പട്ടികയില്‍ തുടരുന്നത്.
ഏപ്രില്‍ 16നാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.