| Monday, 8th August 2022, 8:44 am

സാമാന്യബോധമില്ല, അന്തവും കുന്തവുമില്ലാത്ത ബാറ്റിങ്; വെള്ളി നേടിയിട്ടും ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ആഞ്ഞടിച്ച് അസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനല്‍ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ടീമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍. വിജയിക്കാമായിരുന്ന മത്സരം കൊണ്ടുപോയി കളയുകയായിരുന്നു എന്നായിരുന്നു അസറിന്റെ വിമര്‍ശനം.

‘പരിതാപകരമായ ബാറ്റിങ്. സാമാന്യബോധമില്ല. എളുപ്പത്തില്‍ ജയിക്കാവുന്ന മത്സരം കൊണ്ടുപോയി കളഞ്ഞു,’ എന്നായിരുന്നു മത്സരത്തെ കുറിച്ച് അസര്‍ പറഞ്ഞത്.

അസറിന്റെ അഭിപ്രായം പോലെ ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിക്കുന്ന മത്സരം തന്നെയായിരുന്നു ഫൈനലിലേത്. എന്നാല്‍ ഓസീസിന് മുമ്പില്‍ മത്സരവും സ്വര്‍ണവും ഇന്ത്യ അടിയറവ് വെക്കുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 161 എന്ന നിലയിലായിരുന്നു. ബെത് മൂണിയും മെഗ് ലാന്നിങ്ങുമായിരുന്നു ഓസീസിന്റെ ടോപ് സ്‌കോറര്‍മാര്‍.

41 പന്തില്‍ നിന്നും 61 റണ്‍സുമായി മൂണിയും 26 പന്തില്‍ നിന്നും 36 റണ്‍സുമായി ലാന്നിങ്ങും തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മികച്ചതായിരുന്നില്ല. ഇന്ത്യന്‍ ടീമിന്റെ വണ്ടര്‍ വുമണ്‍ സ്മൃതി മന്ദാനയെ തുടക്കത്തിലേ നഷ്ടമായെങ്കിലും ജെമിയ റോഡ്രിഗസും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പൊരുതി.

33 പന്തില്‍ നിന്നും 33 റണ്‍സുമായി ജെമിയയും 43 പന്തില്‍ നിന്നും 65 റണ്‍സുമായി കൗറും ചെറുത്തുനിന്നെങ്കിലും തോല്‍വി ഒഴിവാക്കാന്‍ പോന്നതായിരുന്നില്ല. കൗര്‍ പുറത്തായതോടെ പിന്നെല്ലാം ചടങ്ങ് മാത്രമായി.

ഒടുവില്‍ 9 റണ്‍സകലെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ച്, ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

കൊവിഡ് ബാധിച്ച മെഗ്രാത്ത് കളത്തിലിറങ്ങിയതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Content Highlight: Former Indian captain Muhammed Azharuddin slams Indian Women’s team after losing in Commonwealth Games

We use cookies to give you the best possible experience. Learn more