| Tuesday, 21st November 2023, 4:54 pm

കഴിഞ്ഞതൊന്നും ഇനി മാറ്റാനാവില്ല, മൂവ് ഓണ്‍; തെറ്റുകളില്‍ നിന്നും പഠിക്കണമെന്ന് കപില്‍ ദേവ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫൈനലിലെ തോല്‍വിയില്‍ നിന്നും ഇന്ത്യ മുന്നോട്ട് പോകണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. കഴിഞ്ഞുപോയതില്‍ ഒന്നും ചെയ്യാനാവില്ലെന്നും എന്നാല്‍ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകളില്‍ നിന്നും പഠിക്കുന്നവരാണ് യഥാര്‍ത്ഥ സ്പോര്‍ട്സ്മാനെന്നും കപില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സ്പോര്‍ട്സിന് മുന്നോട്ട് ചലിക്കേണ്ടതുണ്ട്. ഒരു തിരിച്ചടി ജീവിതം മുഴുവന്‍ കൊണ്ടുനടക്കാന്‍ പറ്റില്ല. വരുന്ന ദിവസം നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ് പോയതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. എന്നാല്‍ കഠിനാധ്വാനം ചെയ്യൂ. അതാണ് സ്പോര്‍ട്സ്മാന് വേണ്ടത്.

അവര്‍ അതിശയകരമായി കളിച്ചു. ശരിയാണ്, ഫൈനലെന്ന കടമ്പ അവര്‍ക്ക് കടക്കാനായില്ല. തെറ്റുകളില്‍ നിന്നും പഠിക്കുന്നവനാണ് യഥാര്‍ത്ഥ സ്പോര്‍ട്സ് മാന്‍,’ കപില്‍ ദേവ് പറഞ്ഞു.

11 കളികള്‍ തുടര്‍ച്ചയായി വിജയിച്ചാണ് ടീം ഇന്ത്യ ഫൈനലിലെത്തിയിരുന്നത്. മൂന്നാം കിരീടം ഉറപ്പിച്ചിടത്ത് തോല്‍വി പറ്റിയത് രാജ്യത്തെയാകെ നിരാശയിലാഴ്ത്തിയിരുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ആറാം തവണ വിശ്വകിരീടം ചൂടിയത്.

ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

സെഞ്ച്വറി നേടിയ ഓപ്പണര്‍ ട്രാവിസ് ഹെഡും അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്നുമാണ് ഓസ്ട്രേലിയയുടെ വിജയ ശില്‍പികള്‍. ആറ് വിക്കറ്റിനായിരുന്നു ഒസീസ് വിജയം. ഓസീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റും നഷ്ടമായിരുന്നു.

Content Highlight: Former Indian captain Kapil Dev wants India to move on from the defeat in the World Cup final

We use cookies to give you the best possible experience. Learn more