വിരാട് കോഹ്‌ലി ഇന്ത്യയ്ക്ക് ബാധ്യതയാണെന്നും ടീമില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ഇപ്പോള്‍ നിരന്തരമായി ഉയര്‍ന്നുകേള്‍ക്കുന്ന വിമര്‍ശനമാണ്. മുന്‍ ഇന്ത്യന്‍ താരങ്ങള്‍ മുതല്‍ ക്രിക്കറ്റ് അനലിസ്റ്റുകള്‍ വരെ വിരാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ലെജന്‍ഡുമായ കപില്‍ ദേവും വിരാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20 ടീമില്‍ വിരാട് ഉള്‍പ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
വ്യാപകമയ വിമര്‍ശനങ്ങള്‍ക്കായിരുന്നു കപിലിന്റെ പ്രസ്താവന വഴി വെച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന ശരിവെക്കും വിധം മോശം പ്രകടനം തന്നെയായിരുന്നു വിരാട് തുടര്‍ന്നതും.
എന്നാലിപ്പോള്‍ വിരാടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കപില്‍ പാജി.
വിരാട് മികച്ച താരമാണെന്നും അവനെ ഒഴിവാക്കാന്‍ തനിക്ക് പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എ.ബി.പി ന്യൂസിനോടായിരുന്നു കപില്‍ ദേവ് ഇക്കാര്യം പറഞ്ഞത്.
‘വിരാടിനെ പോലെ ഒരു മികച്ച കളിക്കാരനെ പുറത്താക്കണമെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. അവന്‍ വളരെ മികച്ച കളിക്കാരന്‍ തന്നെയാണ്. അവന് വിശ്രമം നല്‍കിയെന്ന് നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍, അര്‍ഹിക്കുന്ന ബഹുമാനം നല്‍കുക. അതില്‍ ഒരു ദോഷവും സംഭവിക്കാന്‍ പോകുന്നില്ല,’ കപില്‍ ദേവ് പറഞ്ഞു.
വിരാടിനെ ഫോമിലേക്ക് മടക്കിയെത്തിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും അതിനായി അവനെ കൂടുതല്‍ മത്സരങ്ങള്‍ കളിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഏറ്റവും വലിയ കാര്യമെന്തെന്നാല്‍ എങ്ങനെ വിരാടിനെ ഫോമിലേക്ക് മടക്കിയെത്തിക്കണം എന്നുള്ളതാണ്. അവന്‍ സാധാരണ ക്രിക്കറ്ററല്ല. വിരാടിന് കൂടുതല്‍ പ്രാക്ടീസ് ലഭിക്കുകയും കൂടുതല്‍ മത്സരങ്ങള്‍ കളിപ്പിക്കുകയും വേണം. എന്നാല്‍ മാത്രമേ അദ്ദേഹത്തെ ഫോമിലേക്ക് മടക്കിയെത്തിക്കാന്‍ സാധിക്കൂ.
ടി-20 ഫോര്‍മാറ്റില്‍ വിരാടിനേക്കാള്‍ വലിയ മറ്റൊരു താരമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ മികച്ച രീതിയില്‍ കളിക്കുന്നില്ലെങ്കില്‍ സെലക്ടര്‍മാര്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാം,’ കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു വിരാട് കോഹ്‌ലിയില്ലാതെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള സ്‌ക്വാഡ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യര്‍ അടക്കമുള്ള താരങ്ങള്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടും വിരാട് ഇല്ലാത്തത് വൈരുദ്ധ്യമാണെന്നായിരുന്നു പരക്കെ ഉയര്‍ന്ന വിമര്‍ശനം.
വിന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍*, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്*, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്
(*കെ.എല്‍. രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരെ ഫിറ്റ്നെസിന്റെ അടിസ്ഥാനത്തിലാവും പരിഗണിക്കുക)
Content Highlight: Former Indian captain Kapil Dev says Virat Kohli is the greatest player in T20