സഹീര്‍ ഇന്ത്യക്കായി ചെയ്തതെന്തോ, അത് ചെയ്യാന്‍ അവന് സാധിക്കും; അവനാണ് അടുത്ത സഹീര്‍ ഖാന്‍; സൂപ്പര്‍ താരത്തെ പ്രശംസകൊണ്ടുമൂടി ഇന്ത്യന്‍ ലെജന്‍ഡ്
Sports News
സഹീര്‍ ഇന്ത്യക്കായി ചെയ്തതെന്തോ, അത് ചെയ്യാന്‍ അവന് സാധിക്കും; അവനാണ് അടുത്ത സഹീര്‍ ഖാന്‍; സൂപ്പര്‍ താരത്തെ പ്രശംസകൊണ്ടുമൂടി ഇന്ത്യന്‍ ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th October 2022, 8:30 pm

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ലെജന്‍ഡ് അനില്‍ കുംബ്ലെ. ഇന്ത്യന്‍ ബൗളിങ് ഇതിഹാസം സഹീര്‍ ഖാനോട് താരതമ്യപ്പെടുത്തിയായിരുന്നു താരം അര്‍ഷ്ദീപിനെ അഭിനന്ദിച്ചത്.

സഹീര്‍ ഖാനെ അനുകരിക്കാനും അവനോളം വളരാനുമുള്ള ടാലന്റ് അര്‍ഷ്ദീപ് ഉണ്ടെന്നും ഇന്ത്യന്‍ ടീമിന് വേണ്ടി പല വലിയ കാര്യങ്ങള്‍ ചെയ്യാനും അര്‍ഷ്ദീപിന് സാധിക്കുമെന്നും കുംബ്ലെ പറഞ്ഞു.

പഞ്ചാബ് കിങ്‌സിന്റെ പരിശീലകനായ അനില്‍ കുംബ്ലെ അര്‍ഷ്ദീപിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കണ്ട ആള്‍ കൂടിയായിരുന്നു.

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കുംബ്ലെ ഇക്കാര്യം പറഞ്ഞത്.

‘അര്‍ഷ്ദീപ് പക്വത കൈവരിച്ചിരിക്കുന്നു. ഇന്ത്യയുടെ അടുത്ത സഹീര്‍ ഖാന്‍ ആവാനും അവന് സാധിക്കും. സഹീര്‍ ഇന്ത്യക്കായി ചെയ്തതെന്തോ, അതുതന്നെ അവനും ഇന്ത്യക്കായി ചെയ്യാന്‍ സാധിക്കും,’ കുംബ്ലെ പറയുന്നു.

‘ഞാന്‍ അവനൊപ്പം ഐ.പി.എല്ലില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചാബ് കിങ്‌സിന് വേണ്ടി അവന്‍ മികച്ച പ്രകടനമാണ് നടത്തിയത്,’ കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതിന് ശേഷം ഇന്ത്യന്‍ നിരയിലെ ഏറ്റവും വിശ്വസ്തനായ താരമാണ് അര്‍ഷ്ദീപ് സിങ്. ഹര്‍ദിക് പാണ്ഡ്യയെ പോലെ, ജസ്പ്രീത് ബുംറയെ പോലെ ഐ.പി.എല്‍ തന്നെയായിരുന്നു അര്‍ഷ്ദീപിനെയും കണ്ടെത്തിയത്.

2022 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് താരത്തിന് ഇന്ത്യന്‍ ജേഴ്‌സിയിലേക്കുള്ള വിളിയെത്തിയത്. തുടര്‍ന്ന് അവസരം ലഭിച്ചപ്പോഴെല്ലാം തന്നെ മികച്ച രീതിയില്‍ കളിച്ചപ്പോഴാണ് ലോകകപ്പ് സ്‌ക്വാഡിലും അര്‍ഷ്ദീപ് ഉള്‍പ്പെട്ടത്.

തന്റെ ആദ്യ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ഷ്ദീപ് തിളങ്ങിയിരുന്നു. ആര്‍ച്ച് റൈവല്‍സായ പാകിസ്ഥാനെതിരായ മത്സരത്തില്‍ അപകടകാരിയായ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും അടക്കം മൂന്ന് വിക്കറ്റാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.

ബാബര്‍ അസമിനെ പൂജ്യത്തിലും മുഹമ്മദ് റിസ്വാനെ നാല് റണ്‍സിനും പുറത്താക്കിയ അര്‍ഷ്ദീപ് ആസിഫ് അലിയെ രണ്ട് റണ്‍സിനും മടക്കി.

നാല് ഓവറില്‍ പന്തെറിഞ്ഞ് 32 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്‌സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിലും താരം തന്റെ മികവ് ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്.

 

Content Highlight: Former Indian captain Anil Kumble compares Arshdeep Singh with Zaheer Khan