കളിച്ച രണ്ട് മത്സരത്തിലും വിജയിച്ചാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ആര്‍ച്ച് റൈവല്‍സായ പാകിസ്ഥാനെ പരാജയപ്പെടുത്തി ജൈത്രയാത്ര തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെയാണ് തോല്‍പിച്ചത്.
രണ്ട് മത്സരത്തിലും വിജയം സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് നിരന്തരമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യ മത്സരത്തില്‍ രോഹിത്തും രാഹുലും നിരാശരാക്കിയപ്പോള്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ രാഹുല്‍ വീണ്ടും നിരാശപ്പെടുത്തുകയായിരുന്നു. 12 പന്തില്‍ നിന്നും ഒമ്പത് റണ്‍സുമായാണ് രാഹുല്‍ മടങ്ങിയത്.
കെ.എല്‍. രാഹുല്‍ ഓപ്പണിങ്ങില്‍ തുടരെ തുടരെ മോശം പ്രകടനങ്ങള്‍ കാഴ്ചവെക്കുമ്പോള്‍ താരത്തിന്റെ ബാറ്റിങ്ങിനെ വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ കോച്ചായിരിക്കവെ രാഹുലിന്റെ ബാറ്റിങ് കൃത്യമായി അനലൈസ് ചെയ്ത താരമായിരുന്നു കുബ്ലെ.
ഐ.പി.എല്ലില്‍ മികച്ച രീതിയില്‍ കളിക്കുമ്പോഴും ദേശീയ ടീമിലെത്തുമ്പോള്‍ രാഹുല്‍ പരാജയപ്പെടുകയായിരുന്നുവെന്ന് കുംബ്ലെ പറയുന്നു.
ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് കുംബ്ലെ ഇക്കാര്യം പറഞ്ഞത്.
‘ഐ.പി.എല്ലില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. നീയാണ് ഏറ്റവും മികച്ച താരം എന്ന് ഞങ്ങളെപ്പോഴും അവനോട് പറയുമായിരുന്നു. സാധാരണ നീ എങ്ങനെ ബാറ്റ് ചെയ്യുന്നോ അതുപോലെ തന്നെ ചെയ്യൂ, ആദ്യ പന്ത് മുതല്‍ തന്നെ ആക്രമിച്ചു കളിക്കണം, നിന്റെ മിടുക്ക് എന്തിലാണോ നീ അതുതന്നെ ചെയ്യണം എന്നായിരുന്നു അവനോട് പറഞ്ഞിരുന്നത്.
പ്രത്യേകിച്ച് പവര്‍പ്ലേ ഓവറുകളില്‍, ഒരാള്‍ക്കും അവനെ തളര്‍ത്താന്‍ കഴിയുമായിരുന്നില്ല. ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ താന്‍ ഏറെ നേരം ബാറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അവന് തോന്നിക്കാണണം, അവന്‍ തന്നെയായിരുന്നല്ലോ ടീമിന്റെ ക്യാപ്റ്റനും. കളത്തിന് പുറത്ത് നിന്ന് നമുക്ക് എന്ത് വേണമെങ്കിലും പറയാം, എന്നാല്‍ ഗ്രൗണ്ടിലെത്തിയാല്‍ സ്ഥിതി അങ്ങനെയല്ല,’ കുംബ്ലെ പറയുന്നു.
മിഡില്‍ ഓര്‍ഡറിലെ പോരായ്മകള്‍ കാരണം ഐ.പി.എല്ലില്‍ രാഹുലിന് ഏറെ നേരം ബാറ്റ് ചെയ്യേണ്ടി വന്നിരുന്നുവെന്നും എന്നാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥിതി അങ്ങനെ അല്ലെന്നും കുബ്ലെ വ്യക്തമാക്കുന്നു.
‘എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഗ്രൗണ്ടില്‍ ചെന്ന് ബാറ്റ് ചെയ്യുക എന്നതുമാത്രമാണ് അവന്റെ റോള്‍ എന്നാണ് എനിക്ക് തോന്നുന്നത്. പഞ്ചാബിന്റെ കോച്ചായിരിക്കുമ്പോള്‍ അവന്റെ കളി രീതിയെ മാറ്റേണ്ട ആവശ്യമുണ്ടായിരുന്നില്ല. എനിക്ക് തോന്നുന്നത് ഇടയ്ക്ക് അവന്‍ സ്വിച്ച് ഓണ്‍ ആവുകയും ഇടയ്ക്ക് സ്വിച്ച് ഓഫ് ആവുകയുമാണെന്നാണ്.
ചെന്നൈക്കെതിരായ മത്സരത്തില്‍ അവന്റെ ബാറ്റിങ് നമ്മളെല്ലാവരും കണ്ടതാണ്. നമുക്ക് റണ്ണടിച്ച് ജയിക്കുകയും നെറ്റ് റണ്‍ റേറ്റ് പടുത്തുയര്‍ത്തുകയും ചെയ്യണമായിരുന്നു. അത് അവന് ചെയ്യാന്‍ എളുപ്പം സാധിച്ചിരുന്നു. ചെന്നൈ നിരയിലെ അന്താരാഷ്ട്ര ബൗളര്‍മാരെ പോലും അവന്‍ കണക്കറ്റ് പ്രഹരിച്ചിരുന്നു.
ഇത് അവന്‍ ഒന്ന് സ്വിച്ച് ഓണ്‍ ആയാല്‍ തീരാവുന്ന പ്രശ്‌നം മാത്രമാണ്. അവനുമായി സംസാരിച്ചാല്‍ അത് സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ന് മുതല്‍ ഞാന്‍ ഷോട്ടുകള്‍ അടിക്കാന്‍ തുടങ്ങും എന്ന് അവന് തോന്നുമ്പോള്‍ മാത്രമാണത് നടക്കുക,’ കുംബ്ലെ കൂട്ടിച്ചേര്‍ത്തു.
സൗത്ത് ആഫ്രിക്കക്കെതിരായി നടക്കുന്ന അടുത്ത മത്സരത്തില്‍ മികച്ചൊരു തിരിച്ചുവരവ് നടത്താന്‍ തന്നെയാവും രാഹുല്‍ ഒരുങ്ങുന്നത്. ഒക്ടോബര്‍ 30നാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. ഒപ്റ്റസ് സ്റ്റേഡിയമാണ് വേദി.
Content highlight: Former Indian captain Anil Kumble about KL Rahul’s batting