| Thursday, 18th July 2024, 1:01 pm

അവൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയരങ്ങളിൽ എത്താതെ പോയതിന്റെ കാരണം അതാണ്: മുൻ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു താരമായിരുന്നു ഉമ്രാന്‍ മാലിക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി മികച്ച വേഗതയില്‍ പന്തെറിഞ്ഞു കൊണ്ടായിരുന്നു ഉമ്രാന്‍ ക്രിക്കറ്റ് ലോകത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. 150 കിലോമീറ്റര്‍ വേഗതയിലായിരുന്നു താരം പന്തെറിഞ്ഞിരുന്നത്.

എന്നാല്‍ പിന്നീട് ഉമ്രാന്റെ പേര് ക്രിക്കറ്റില്‍ നിന്നും മെല്ലെ മെല്ലെ മങ്ങിത്തുടങ്ങുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം നേടി മികച്ച പ്രകടനത്തോടെ താരം വരവറിയിച്ചെങ്കിലും ഈ ഫോം നിലനിര്‍ത്താന്‍ ഉമ്രാന്‍ സാധിച്ചിരുന്നില്ല. ഇതിനെല്ലാം പിന്നാലെ ഓറഞ്ച് ആര്‍മിയുടെ പ്ലെയിങ് ഇലവനിലെ സ്ഥാനവും താരത്തിന് നഷ്ടമായി.

ഇപ്പോഴിതാ ഉമ്രാന്‍ മാലിക്ക് തന്റെ ക്രിക്കറ്റ് കരിയറിൽ നേരിട്ട തിരിച്ചടിക്ക് പിന്നിലുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ പരാസ് മാംബ്ര. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ കോച്ച്.

‘ മികച്ച പേസില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്നതായിരുന്നു ഉമ്രാന്‍ മാലിക്കിന്റെ ശക്തി. അവന്‍ തീര്‍ച്ചയായും വളരെ വേഗത്തില്‍ പന്തെറിയുന്ന ഒരു താരമായിരുന്നു. പതിവായി അവന്‍ 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുമായിരുന്നു.

എന്നാല്‍ ഈ വേഗത കണ്‍ട്രോള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഏതൊരു ക്യാപ്റ്റനും അവനിലുള്ള വിശ്വാസം നഷ്ടപ്പെടും. ഇതാണ് ഉമ്രാന് സംഭവിച്ചത്. തന്റെ ബൗളിങ്ങില്‍ കണ്‍ട്രോള്‍ വരുത്താന്‍ അവന്‍ രഞ്ജി ട്രോഫി കളിക്കണം. അവന്‍ ഇപ്പോള്‍ ഇതാണ് ചെയ്യേണ്ടത്. ഒരു ഫുൾ സീസൺ രഞ്ജി ട്രോഫി അവൻ കളിച്ചു കഴിഞ്ഞാല്‍ സമ്മര്‍ദത്തില്‍ ആണെങ്കിലും പോലും അവന് തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും,’ പരാസ് മാംബ്രെ പറഞ്ഞു.

2022ല്‍ ആയിരുന്നു ഉമ്രാന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഏകദേശം 10 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി പന്തെറിഞ്ഞ താരം 13 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 30.7 ആവറേജിലും 6.54 എക്കണോമിയിലുമാണ് താരം ബോള്‍ ചെയ്ത്.

കുട്ടി ക്രിക്കറ്റില്‍ എട്ട് തവണയാണ് ഉമ്രാന്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. 11 വിക്കറ്റ് വീഴ്ത്താനും താരത്തിന് സാധിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു താരം അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കളിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 26 മത്സരങ്ങളില്‍ നിന്നും 29 വിക്കറ്റുകളും ഉമ്രാന്‍ നേടിയിട്ടുണ്ട്. 2024 ഐ.പി.എല്ലിൽ റണ്ണേഴ്സ് അപ്പായ ഹൈദരാബാദിനൊപ്പം ഒരു മത്സരത്തിൽ മാത്രമാണ് ഉമ്രാന് കളിക്കാൻ സാധിച്ചത്.

Content Highlight: Former Indian Bowling Coach Talks about Umran Malik

We use cookies to give you the best possible experience. Learn more