ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ വെച്ച് കളിക്കുക.
ഇപ്പോഴിതാ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ട ഒരു താരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ പരാസ് മാംബ്രെ. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ടീമില്‍ പ്രസിദ് കൃഷ്ണയെ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ ഇന്ത്യന്‍ ബൗളിങ് കോച്ച് പറഞ്ഞത്. ക്രിക് ബസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഓസ്‌ട്രേലിയയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. മത്സരത്തില്‍ താരങ്ങള്‍ ന്യൂ ബോളില്‍ 30-35 ഓവര്‍ വരെ പന്തെറിയേണ്ടി വരും. കാരണം അപ്പോഴാണ് വിക്കറ്റ് വീഴ്ത്താൻ സാധിക്കുക. ആരാണ് ഈ സമയങ്ങളില്‍ വിക്കറ്റ് നേടുക എന്ന് നമ്മള്‍ നോക്കണം.
വിക്കറ്റുകള്‍ നേടാന്‍ പ്രത്യേക കഴിവുകള്‍ ആവശ്യമാണ്. ബൗണ്‍സ് നന്നായി എറിയണം. അത് ചെയ്യാന്‍ പ്രസീദിനെ പോലുള്ള ഒരു താരത്തിന് കഴിയുമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നടന്നാല്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായ ഒരു മൂന്നാം സീമറെ ഇന്ത്യക്ക് ലഭിക്കും. കളിക്കളത്തില്‍ വ്യത്യസ്തമായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന ആളുകള്‍ ഉണ്ടായിരിക്കണം,’ പരാസ് മാംബ്രെ പറഞ്ഞു.
ഇന്ത്യക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമേ പ്രസിദ് കളിച്ചിട്ടുള്ളൂ. ഇതില്‍ രണ്ട് വിക്കറ്റ് നേടാനും താരത്തിന് സാധിച്ചു. ഏകദിനത്തിലേക്ക് വരുകയാണെങ്കില്‍ 17 മത്സരങ്ങളില്‍ നിന്നും 29 വിക്കറ്റുകളാണ് താരം നേടിയത്. ടി-20യില്‍ അഞ്ച് മത്സരങ്ങളിലും താരം ഇന്ത്യക്കായി പന്തെറിഞ്ഞു. ഇതില്‍ എട്ട് വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
നിലവില്‍ പ്രസീദ് പരിക്കിന്റെ പിടിയിലാണ്. താരത്തിന് ദുലീപ് ട്രോഫിയിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ നഷ്ടമാവും.
Content Highlight: Former Indian Bowling Coach Talks About Prasidh Krishna