ഏറെ നാളത്തെ കിരീടവരള്‍ച്ചയ്‌ക്കൊടുവിലാണ് ഇന്ത്യ 2024 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 17 വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യ ടി-20 ലോകകപ്പില്‍ മുത്തമിടുകയായിരുന്നു. 2013 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമുള്ള ആദ്യ ഐ.സി.സി കിരീടം കൂടിയായിരുന്നു ഇത്.
ലോകകപ്പ് വിജയത്തിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മയും ഇതിഹാസ താരം വിരാട് കോഹ്‌ലിയും ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അധികം വൈകാതെ രവീന്ദ്ര ജഡേജയും കുട്ടിക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുന്നതായി അറിയിച്ചു.
എന്നാല്‍ മൂവരുടെയും വിരമിക്കല്‍ പ്രഖ്യാപനം അപ്രതീക്ഷിതമാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ബൗളിങ് കോച്ചായ പരാസ് മാംബ്രെ. വിരമിക്കലിനെ കുറിച്ച് ഒരു തരത്തിലുള്ള ചര്‍ച്ചകളോ സംസാരങ്ങളോ ഉണ്ടായിരുന്നില്ലെന്നും അവരുടെ പടിയിറക്കം അപ്രതീക്ഷിതമായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവര്‍ വിരമിക്കുമെന്ന് ഒരാള്‍ പോലും കരുതിയിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. നേരത്തെ ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കില്‍ അവരുടെ വിരമിക്കല്‍ നമുക്ക് പ്രതീക്ഷിക്കാന്‍ സാധിക്കുമായിരുന്നു.
വ്യക്തിപരമായോ സ്വകാര്യമായോ രാഹുല്‍ ദ്രാവിഡുമായി അവര്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് വ്യത്യസ്തമായ കാര്യമാണ്. ടീമിലെ മറ്റുള്ളവരോ കോച്ചിങ് സ്റ്റാഫുകളോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇതുകൊണ്ട് തന്നെ ഇത് ഞങ്ങളെ അമ്പരപ്പിച്ച തീരുമാനം തന്നെയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
‘അവരുടെ ഭാഗത്ത് നിന്നും ചിന്തിക്കുമ്പോള്‍ കിരീടത്തോടെയുള്ള പടിയിറക്കത്തെക്കാള്‍ മികച്ചതായി മറ്റൊന്നും ഉണ്ടാകില്ല, അല്ലേ? ഒരു ദശാബ്ദത്തിലധികം, 12ഉം 13ഉം വര്‍ഷമായി ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന താരങ്ങളെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്.
വിരാട് 2011 ലോകകപ്പിന്റെ ഭാഗമായിരുന്നു. 2011ന് ശേഷം ഒരു ലോകകപ്പ് ജയിക്കാതിരിക്കുന്നത് വളരെ വലിയ ഒരു ശൂന്യതയായിരിക്കും ഉണ്ടാക്കിയിരിക്കുക. അദ്ദേഹത്തിന് അത് നേടണം എന്നുതന്നെയായിരുന്നു.
കാലങ്ങളായി ഒരു കാര്യം നേടാനാഗ്രഹിച്ച് നടക്കുന്ന ഒരാള്‍, ഒരു താരമെന്ന നിലയില്‍ അത് നേടിക്കഴിഞ്ഞാല്‍ ഈ ഫോര്‍മാറ്റില്‍ തന്റെ യാത്ര പൂര്‍ണമായി എന്ന് കരുതും. ഇതിനേക്കാള്‍ മികച്ചതായി മറ്റൊന്നുണ്ടാകില്ല.
ടി-20 ലോകകപ്പ് വിജയത്തിന് ശേഷം, പ്രത്യേകിച്ചും അവരുടെ കരിയര്‍ കടന്നുപോകുന്ന ഘട്ടം ചെറുപ്പമല്ല എന്ന് തിരിച്ചറിഞ്ഞിരിക്കണം. ചില സമയങ്ങളില്‍ നിങ്ങള്‍ ചിലത് തെരഞ്ഞെടുക്കേണ്ടി വന്നേക്കും. ഏതൊക്കെ ഫോര്‍മാറ്റില്‍ കളിക്കണമെന്നും, ആ ഫോര്‍മാറ്റില്‍ കളിക്കണമെങ്കില്‍ നിലവില്‍ തിളങ്ങാന്‍ സാധിക്കാത്ത ഏത് ഫോര്‍മാറ്റില്‍ നിന്ന് പടിയിറങ്ങണെമെന്നും നിങ്ങള്‍ക്ക് തീരുമാനമെടുക്കേണ്ടി വന്നേക്കും.