2023 സീസണിലെ ഐ.പി.എല്ലില്‍ ഏറ്റുമുട്ടിയ രണ്ട് തവണയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങാനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിധി. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ മത്സരത്തില്‍ 81 റണ്‍സിന്റെ ഗംഭീര വിജയമാണ് കെ.കെ.ആര്‍ നേടിയെടുത്തത്.
സമാനമായ രീതിയിലാണ് കഴിഞ്ഞ ദിവസം നടന്ന രണ്ടാം മത്സരവും അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന കൊല്‍ക്കത്ത 200 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 21 റണ്‍സകലെ ബെംഗളൂരുവിന്റെ പോരാട്ടം അവസാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ ജെയ്‌സണ്‍ റോയിയുടെയും ക്യാപ്റ്റന്‍ നിതീഷ് റാണയുടെയും ബാറ്റിങ് മികവിലാണ് കൊല്‍ക്കത്ത 200 റണ്‍സ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (57) മുന്നില്‍ നിന്ന് നയിച്ചെങ്കിലും 179 റണ്‍സിന് പൊരുതി തോല്‍ക്കേണ്ടി വന്നു.
യഥാര്‍ത്ഥത്തില്‍ നിതീഷ് റാണയെന്ന കൊല്‍ക്കത്തന്‍ ക്യാപ്റ്റന്റെ കൂടി വിജയമാണ് കഴിഞ്ഞ ദിവസം കാണാനായത്. പൊതുവെ സ്പിന്നര്‍മാരോട് അത്ര നല്ല ട്രാക്ക് റെക്കോഡില്ലാത്ത ആര്‍.സി.ബിക്കെതിരെ അതേ വജ്രായുധം ഇറക്കിയാണ് റാണ കളിമെനഞ്ഞത്. 20 ഓവറില്‍ 13 എണ്ണവും എറിഞ്ഞ് തീര്‍ത്തത് സ്പിന്നര്‍മാരാണ്. പിച്ചിന്റെ ആനുകൂല്യവും ബെംഗളൂരുവിന്റെ ദൗര്‍ബല്യവും മനസിലാക്കിയ റാണ ഇംപാക്ട് പ്ലെയറായി സുയാഷ് ശര്‍മയെന്ന സ്പിന്നറെയും ടീമിലെടുത്തു.
ക്യാപ്റ്റന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ച് മികച്ച പ്രകടനമാണ് താരം നടത്തിയതും. നാല് ഓവര്‍ ബൗള്‍ ചെയ്ത സുയാഷ് 30 വിട്ട് നല്‍കി നിര്‍ണായകമായ രണ്ട് വിക്കറ്റുകളും പിഴുതെടുത്തു. സ്പിന്നില്‍ കുരുങ്ങി വീണാണ് പല ആര്‍.സി.ബി. താരങ്ങളും കൂടാരം കയറിയത്.
ഇപ്പോഴിതാ റാണയുടെ നായകത്വത്തെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റ് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് പത്താന്റെ പരാമര്‍ശം.
‘മത്സരത്തില്‍ എടുത്ത് പറയേണ്ട കാര്യം നിതീഷ് റാണയുടെ ക്യാപ്റ്റന്‍സിയാണ്. സുയാഷിനെ ഗ്രൗണ്ടിലിറക്കാനുള്ള തീരുമാനത്തെ ബ്രില്യന്റ് എന്നല്ലാതെ എന്താണ് പറയുക. പേസര്‍മാര്‍ക്ക് അടികൊണ്ടതിന് ശേഷമാണ് സുയാഷിനെ റാണ ബൗളിങ്ങ് ഏല്‍പ്പിച്ചത്.
ആര്‍.സി.ബി ബാറ്റര്‍മാര്‍ക്ക് പവര്‍പ്ലേയില്‍ സ്പിന്നര്‍മാര്‍ക്കെതിരെ അത്ര നല്ല റെക്കോര്‍ഡ് ഇല്ലായെന്നത് വസ്തുതയാണ്. അതുകൊണ്ടാണ് നിര്‍ണായക ഘട്ടത്തില്‍ അവന്‍ സുയാഷിനെ ഇറക്കിയത്. അതില്‍ അവന്‍ വിജയിക്കുകയും ചെയ്തു,’ പത്താന്‍ പറഞ്ഞു.
Content Highlight: former indian bowler prays nithish rana