ഇന്ത്യക്ക് മുമ്പില്‍ ഇനി ടെസ്റ്റ് പരമ്പരകളുടെ കാലമാണ്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം മൂന്ന് ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ കളിക്കുക. സ്വന്തം മണ്ണില്‍ രണ്ട് പരമ്പരകളും എതിരാളികളുടെ തട്ടകത്തില്‍ ഒരു പരമ്പരയും ഇന്ത്യ കളിക്കും.
ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനമാണ് ഇതില്‍ ആദ്യത്തേത്. ഈ പര്യടനത്തില്‍ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയും ഇന്ത്യ കളിക്കും.
സെപ്റ്റംബര്‍ 19നാണ് പരമ്പരയിലെ ആദ്യ മത്സരം. ചെപ്പോക്കാണ് വേദി. സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് ഗ്രീന്‍ പാര്‍ക്കാണ് വേദിയാകുന്നത്.
ബംഗ്ലാ കടുവകളുടെ പര്യടനത്തിന് പിന്നാലെ കിവികളും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. മൂന്ന് ടെസ്റ്റുകളാണ് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ കളിക്കുക. ഒക്ടോബര്‍ 16നാണ് പരമ്പര ആരംഭിക്കുന്നത്.
ആദ്യ മത്സരത്തിന് ചിന്നസ്വാമി സ്റ്റേഡിയവും രണ്ടാം മത്സരത്തിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയവും വേദിയാകുമ്പോള്‍ വാംഖഡെയാണ് മൂന്നാം ടെസ്റ്റിന് വേദിയാകുന്നത്.
ഇതിന് ശേഷം ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ നാല് ടി-20കളുടെ പരമ്പര കളിച്ച് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്ട്രലിയയിലേക്ക് പറക്കും. നവംബര്‍ അവസാന വാരം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ബി.ജി.ടി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഇനിയുള്ള ആറ് മാസക്കാലം ഇന്ത്യ നിരവധി ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുമെന്നിരിക്കെ ഒരു യുവതാരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ സാധ്യതകള്‍ കൂടിയാണ് തെളിഞ്ഞുവരുന്നത്. യുവതാരം റിങ്കു സിങ് ടെസ്റ്റ് അരങ്ങേറ്റത്തിന് സജ്ജനാണെന്നാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ പറയുന്നത്.
‘കഴിഞ്ഞ രണ്ട് സീസണുകളിലായി ഏറ്റവുമധികം പുരോഗതിയുണ്ടാക്കിയ താരമാണ് റിങ്കു സിങ്. രണ്ട് ഏകദിനവും 20 അന്താരാഷ്ട്ര ടി-20യും അവന്‍ കളിച്ചിട്ടുണ്ട്. പക്ഷേ ടീമിലിതുവരെ സ്ഥിരമാകാന്‍ അവന് സാധിച്ചിട്ടില്ല. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ അവന്‍ മികച്ച ഫിനിഷറാണ്. 69ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സുകളില്‍ നിന്നുമായി 54.70 എന്ന മികച്ച ശരാശരിയും അവനുണ്ട്.
അവന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍, ഒരു മികച്ച ടെസ്റ്റ് ബാറ്ററാകാന്‍ കഴിയാത്തതിന്റെ ഒരു ടെക്‌നിക്കല്‍ കാരണങ്ങളും കണ്ടെത്താന്‍ എനിക്ക് സാധിച്ചിട്ടില്ല. അവന്‍ ടി-20 ഫോര്‍മാറ്റിലെ മികച്ച ഫിനിഷര്‍ എന്ന നിലയിലാണ് പേരെടുത്തിരിക്കുന്നത്, എന്നാല്‍ അവന്റെ ഫസ്റ്റ് ക്ലാസ് ശരാശരി പരിശോധിക്കുമ്പോള്‍ 50+ ആണെന്ന് കാണാന്‍ സാധിക്കും.
സ്വതവേ ശാന്തമായ ഒരു സ്വഭാവവും അവന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് അവന് അവസരം നല്‍കുകയാണെങ്കില്‍ ഒരു മികച്ച ടെസ്റ്റ് ക്രിക്കറ്ററായി വളര്‍ന്നുവരാന്‍ അവന് സാധിക്കും,’ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ റാത്തോര്‍ പറഞ്ഞു.
ആഭ്യന്തര തലത്തില്‍ ഉത്തര്‍ പ്രദേശിന്റെ താരമാണ് റിങ്കു സിങ്. 47 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ 69 ഇന്നിങ്‌സില്‍ നിന്നുമായി 3,173 റണ്‍സാണ് താരം സ്വന്തമാക്കിയത്. 54.70 എന്ന മികച്ച ശരാശരിയിലും 71.59സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് വീശുന്ന റിങ്കുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 163* ആണ്. ഏഴ് സെഞ്ച്വറികളും 20 അര്‍ധ സെഞ്ച്വറികളും താരം ഫസ്റ്റ് ക്ലാസില്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
Content highlight: Former Indian batting coach Vikram Rathore about Rinku Singh’s test debut