ഇന്ത്യന്‍ ക്രിക്കറ്റിനെ മൂന്ന് ഫോര്‍മാറ്റിലും നയിക്കാന്‍ ശുഭ്മന്‍ ഗില്ലിന് സാധിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിരാട്, രോഹിത് എന്നിവര്‍ മികച്ച പ്രകടനം പുറത്തിറക്കിയത് ക്യാപ്റ്റന്‍സിയിൽ ആണെന്ന് എനിക്ക് തോന്നുന്നു. അത് ഗില്ലിനും ചെയ്യാന്‍ സാധിക്കും എന്നാണ് ഞാന്‍ കരുതുന്നത്. അവന്‍ ഇതുവരെ ക്യാപ്റ്റന്‍ അല്ലെങ്കിലും മികച്ച ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ ഉള്ളത് അവന് മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിക്കും.
അതുകൊണ്ടുതന്നെ റോളില്‍ എത്തുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം വരും. അതുകൊണ്ടുതന്നെ ഗില്ലിനെപ്പോലുള്ള ചെറിയ പ്രായക്കാര്‍ക്ക് ഇത് മികച്ചതാണെന്ന് ഞാന്‍ കരുതുന്നു. അവന്‍ ഒരു ദിവസം ഇന്ത്യയെ മൂന്ന് ഫോര്‍മാറ്റുകളിലും നയിച്ചേക്കാം,’ മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് പറഞ്ഞു.
ഇന്ത്യ-സിംബാബ്വേ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യമത്സരം പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള നാലു മത്സരങ്ങളും വിജയിച്ചുകൊണ്ട് ശക്തമായി തിരിച്ചുവരികയായിരുന്നു. ലോകകപ്പ് നേടിയ പ്രധാന താരങ്ങള്‍ക്ക് എല്ലാം വിശ്രമം അനുവദിച്ചപ്പോള്‍ യുവതാരം ശുഭ്മന്‍ ഗില്ലായിരുന്നു ഇന്ത്യയെ ഈ പരമ്പരയില്‍ നയിച്ചിരുന്നത്.
ഐ.പി.എല്ലിന്റെ ഈ സീസണിലാണ് ഗുജറാത്തിന്റെ ക്യാപ്റ്റന്‍സി ഗില്‍ ഏറ്റെടുക്കുന്നത്. എന്നാല്‍ ആദ്യ സീസണില്‍ തന്നെ കിരീടവും രണ്ടാം സീസണില്‍ ഫൈനലിസ്റ്റുകളുമായ ഗുജറാത്തിന് ഗില്ലിന്റെ കീഴില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. 14 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയം മാത്രമേ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഗുജറാത്തിന് നേടാന്‍ സാധിച്ചുള്ളൂ.