| Monday, 22nd July 2024, 8:22 am

ഇന്ത്യൻ ക്രിക്കറ്റ് ടീം അവനോട് കാണിച്ചത് കടുത്ത അനീതി: മുൻ ഇന്ത്യൻ ബാറ്റിങ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20യും മൂന്ന് ഏകദിനവുമടങ്ങുന്ന പരമ്പരക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം ഇന്ത്യ പുറത്തുവിട്ടിരുന്നു.

രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ടി-20 ക്യാപ്റ്റനായി നിയമിച്ചത്. രോഹിത്തിനുശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്ന് വന്‍തോതില്‍ ക്രിക്കറ്റ് സര്‍ക്കിളുകള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നു കൊണ്ടാണ് ബി.സി.സി.ഐ സൂര്യകുമാര്‍ യാദവിനെ പുതിയ നായകനായി തീരുമാനിച്ചത്.

ഇപ്പോഴിതാ ഹര്‍ദിക്കിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാത്തതിലുള്ള നിരാശ പങ്കുവെച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ക്യാപ്റ്റന്‍ ആക്കാത്തതില്‍ ഞാന്‍ അല്‍പ്പം ആശ്ചര്യപ്പെട്ടു. ഇന്ത്യന്‍ സെലക്ടര്‍മാര്‍ പെട്ടെന്ന് അവനെതിരെ ഒരു യു ടേണ്‍ എടുത്തപ്പോള്‍ എനിക്ക് അല്പം വിഷമം തോന്നി. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കോച്ചും ഹര്‍ദിക്കിനോട് ക്യാപ്റ്റന്‍ സ്ഥാനത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു.

സെലക്ടര്‍മാരും പുതിയ പരിശീലകനും ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് എപ്പോഴും ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ടി-20 ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കാത്തത് ഹര്‍ദിക്കിനെ വളരെയധികം ആഴത്തില്‍ വേദനിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ മുംബൈയെ സൂര്യകുമാര്‍ യാദവ് നയിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ കളിക്കളത്തില്‍ എങ്ങനെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാം എന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്ന് കരുതുന്നു. ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും ഹര്‍ദിക്കിനോട് ചെറിയ ഒരു അനീതി കാണിച്ചതായി എനിക്ക് തോന്നുന്നു,’ സഞ്ജയ് പറഞ്ഞു.

2024 ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആയിരുന്നു ഹർദിക്. 144 റണ്‍സും 11 വിക്കറ്റുകളും ആണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ലോകകപ്പിൽ നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കെല്ലാം പിന്നാലെ ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനും ഹര്‍ദിക്കിന് സാധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഐ.സി.സി റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

Content Highlight: Former Indian Batting Coach Talks About Hardik Pandya

We use cookies to give you the best possible experience. Learn more