| Friday, 16th December 2022, 8:20 pm

വിരാട് കോഹ്‌ലിക്ക് ശേഷം ഇനി ഇവന്‍ തന്നെ; യുവതാരത്തെ പ്രശംസിച്ച് വസീം ജാഫര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റേതായ പേരെടുത്ത താരമാണ് ശുഭ്മാന്‍ ഗില്‍. ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലും തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് ഗില്‍. താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റ്‌സ്മാന്‍ വസീം ജാഫര്‍.

‘ഗില്‍ ഈ നേട്ടമുണ്ടാക്കിയത് വളരെ നല്ല കാര്യമാണ്. നേരത്തെ വന്ന ചില ഓഫറുകള്‍ അവന്‍ നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ ഗില്‍ ഒരു ക്ലാസ് പ്ലെയറാണ്. ഒരുപക്ഷേ ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും വിരാട് കോഹ്‌ലിക്ക് ശേഷം മുന്നിലേക്ക് കേറി വരുന്ന ബാറ്റ്‌സ്മാന്‍ അവനായിരിക്കും. എനിക്ക് അവന്‍ മൂന്ന് ഫോര്‍മാറ്റിലും നന്നായി കളിക്കുന്ന പ്ലേയറാണ്,’ ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയില്‍ നടന്ന ചര്‍ച്ചയില്‍ ജാഫര്‍ പറഞ്ഞു.

അതേസമയം ഈ സെഞ്ച്വറിക്ക് വേണ്ടി ഒരുപാട് നാള്‍ തനിക്ക് കാത്തിരിക്കേണ്ടി വന്നു എന്നാണ് ഗില്‍ പറഞ്ഞത്. ‘എനിക്ക് തോന്നുന്നത് നീണ്ട കാലയളവിന് ശേഷം അതെന്നെ(ആദ്യ ടെസ്റ്റ് സെഞ്ച്വറി) തേടിവരികയാണെന്നാണ്. ഇന്ന് പ്രതിബന്ധങ്ങളെല്ലാം വഴി മാറി നില്‍ക്കുകയാണ്. അതുകൊണ്ട് ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടാന്‍ കഴിയുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

എന്നെ സംബന്ധിച്ച് ഫീല്‍ഡില്‍ എങ്ങനെ നിലയുറപ്പിക്കണമെന്നതാണ് പ്രധാനം. അത് കഴിഞ്ഞേ റണ്‍സ് നേടുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നുള്ളൂ,’ ഗില്‍ പറഞ്ഞു.

ചേതേശ്വര്‍ പൂജാരയെ കൂട്ടുപിടിച്ച് ശുഭ്മാന്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെയാണ് മൂന്നാം ദിനത്തിലെ ഇന്ത്യന്‍ ഇന്നിങ്സ് സ്‌കോര്‍ ഉയര്‍ന്നത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 113 റണ്‍സടിച്ചു. 147 പന്തില്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കുറിച്ച ഗില്‍ 10 ഫോറും മൂന്ന് സിക്സും പറത്തി 152 പന്തില്‍ 110 റണ്‍സെടുത്ത് പുറത്തായി. ഇതിനുശേഷം കോഹ്ലിയെ കൂട്ടുപിടിച്ച പൂജാര ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി.

52 ഇന്നിങ്സുകള്‍ക്കുശേഷം 130 പന്തില്‍ പൂജാര സെഞ്ച്വറിയിലെത്തി. ടെസ്റ്റില്‍ പൂജാരയുടെ വേഗമേറിയ സെഞ്ച്വറി കൂടിയാണിത്. പൂജാര സെഞ്ചുറി തികച്ചതിന് ശേഷം ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. പൂജാരക്കൊപ്പം 19 റണ്‍സുമായി വിരാട് കോഹ്ലി പുറത്താകാതെ നിന്നു.

Content Highlight: Former Indian batsman Wasim Jaffer has praised shubhman gill

Latest Stories

We use cookies to give you the best possible experience. Learn more