ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരം കളിക്കുകയാണ്. സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് പരാജയപ്പെടുത്തിയതോടെ സെമി ഫൈനല്‍ ഉറപ്പിച്ച ഇന്ത്യക്ക് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്താന്‍ സിംബാബ്‌വേക്കെതിരായ ഈ മത്സരം വിജയിക്കണം.
എന്നാല്‍ മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തുമെന്നും സെമിയില്‍ ഗ്രൂപ്പ് വണ്ണിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ നേരിടുമെന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നത്.
ഗ്രൂപ്പ് വണ്ണില്‍ ഒന്നാം സ്ഥാനക്കാരായി ന്യൂസിലാന്‍ഡും രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ടും ഇതിനോടകം നോക്കൗട്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനുമാണ് ഗ്രൂപ്പ് രണ്ടില്‍ നിന്നും യോഗ്യത നേടിയിരിക്കുന്നത്. നിലവില്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനാണ് ഒന്നാമത് നില്‍ക്കുന്നത്.
സിംബാബ്‌വേക്കെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യക്ക് മുന്നോട്ട് കുതിക്കാം.
‘ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കാവശ്യം ചഹലിനെയാണ്. പവര്‍ പ്ലേ ഓവറുകളില്‍ ഇന്ത്യ ഇനിയും ആക്രമിച്ചു കളിക്കേണ്ടിയിരിക്കുന്നു. രോഹിത് ശര്‍മയുടെ ഫോമാണ് ഇന്ത്യയെ ഏറെ ആശങ്കപ്പെടുത്തുന്നത്,’ അദ്ദേഹം പറയുന്നു.
ലോകകപ്പിലെ ഒറ്റ മത്സരത്തില്‍ പോലും ചഹല്‍ ഇതുവരെ കളിച്ചിട്ടില്ല.
അതേസമയം ഇന്ത്യക്ക് ഏറ്റവുമധികം തലവേദനയായിരിക്കുന്നത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോം തന്നെയാണ്. നെതര്‍ലന്‍ഡ്‌സിനെതിരെ നേടിയ അര്‍ധ സെഞ്ച്വറിയല്ലാതെ ഹിറ്റ്മാന്റെ അക്കൗണ്ടില്‍ ഒരു ഹിറ്റും ഇതുവരെ പിറന്നിട്ടില്ല. സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ 13 പന്തില്‍ നിന്നും 15 റണ്‍സാണ് രോഹിത് നേടിയത്.
സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ ഇന്ത്യ താരതമ്യേന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ഇന്ത്യ നേടിയത്. കെ.എല്‍. രാഹുലിന്റെയും സൂര്യകുമാറിന്റെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്.
മറുപടി ബാറ്റിങ്ങി നിറങ്ങിയ ഷെവ്‌റോണ്‍സിന് തുടക്കത്തിലേ കല്ലുകടിച്ചിരിക്കുകയാണ്. രണ്ടോവര്‍ പിന്നിടുമ്പോള്‍ മൂന്ന് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് സിംബാബ്‌വേ.