സൂര്യകുമാറിന്റെയോ ഹര്‍ദിക്കിന്റെയോ പൊസിഷന്‍ അവന് കിട്ടാന്‍ പോണില്ല, ആയതിനാല്‍... പന്തിന്റെ പെര്‍ഫെക്ട് ബാറ്റിങ് പൊസിഷനെ കുറിച്ച് സൂപ്പര്‍ താരം
Sports News
സൂര്യകുമാറിന്റെയോ ഹര്‍ദിക്കിന്റെയോ പൊസിഷന്‍ അവന് കിട്ടാന്‍ പോണില്ല, ആയതിനാല്‍... പന്തിന്റെ പെര്‍ഫെക്ട് ബാറ്റിങ് പൊസിഷനെ കുറിച്ച് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th November 2022, 11:26 am

ഈ വര്‍ഷം ഏറെ പരീക്ഷണങ്ങളാണ് ഇന്ത്യ ഓപ്പണിങ് പെയറില്‍ പരീക്ഷിച്ചിരുന്നത്. എന്നാല്‍ ഫലവത്തായ ഒരു ഓപ്പണിങ് കൂട്ടുകെട്ടിനെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല.

യുവതാരം റിഷബ് പന്തിനായി ഒരു പെര്‍ഫെക്ട് പൊസിഷന്‍ കണ്ടെത്താനും ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ഓപ്പണറായും ഫിനിഷറുടെ റോളിലും പന്തിനെ പരീക്ഷിച്ച ഇന്ത്യക്ക് ഒന്നില്‍ പോലും മികച്ച റിസള്‍ട്ട് ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ പന്തിന് ശോഭിക്കാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നും ഇതുതന്നെയാണ്.

എന്നാല്‍ റിഷബ് പന്തിനായി ഒരു പെര്‍ഫെക്ട് ബാറ്റിങ് പൊസിഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഇന്ത്യന്‍ ക്രിക്കറ്റ് ലെജന്‍ഡുമായ വസീം ജാഫര്‍. നാലാമനായോ അഞ്ചാമനായോ അല്ല, ഓപ്പണറായി തന്നെ താരത്തെ ക്രീസിലെത്തിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വസീം ജാഫര്‍ ഇക്കാര്യം പറഞ്ഞത്.

‘ദല്‍ഹി ക്യാപ്പിറ്റല്‍സിന് വേണ്ടി കളിക്കുമ്പോള്‍ അവന്‍ നാലാം നമ്പറിലും അഞ്ചാം നമ്പറിലും കളിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അത് സൂര്യകുമാര്‍ യാദവിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും ഒപ്പമാണ്. മികച്ച രീതിയില്‍ തുടങ്ങാന്‍ സാധിച്ചാല്‍ പന്ത് അപകടകാരിയായ താരമാണ്. അവനെ സംബന്ധിച്ച് ഏറ്റവും മികച്ച പൊസിഷന്‍ ഓപ്പണറുടേത് തന്നെയാണ്,’ അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കും കെ.എല്‍. രാഹുലിനും വിശ്രമം അനുവദിച്ച മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.

ഇന്ത്യ – ന്യൂസിലാന്‍ഡ് ആദ്യ ടി-20ക്കായുള്ള വസീം ജാഫറിന്റെ ഇലവന്‍

ശുഭ്മന്‍ ഗില്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്/ യൂസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

ഇന്ത്യ സ്‌ക്വാഡ്:

ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍.

ന്യൂസിലാന്‍ഡ് സ്‌ക്വാഡ്:

കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വാള്‍, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ലോക്കി ഫെര്‍ഗൂസന്‍, ഡാരില്‍ മിച്ചല്‍, ആദം മില്‍നെ, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി, ബ്ലെയര്‍ ടിക്നെര്‍.

 

Content highlight: Former India star Wasim Jaffer about Rishabh Pant’s batting position