| Sunday, 11th September 2022, 2:19 pm

'അങ്ങനെ വിരാട് രാഹുലിന്റെ കാര്യം ഒരു തീരുമാനമാക്കി'

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ അഫ്ഗാനെ തകര്‍ത്തെറിഞ്ഞായിരുന്നു ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പകരം കെ.എല്‍. രാഹുല്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തപ്പോള്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി ഓപ്പണറുടെ റോളില്‍ ക്രീസിലെത്തി.

രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത വിരാട്, ഇത്രയും കാലത്തോളം കണ്ടതില്‍ നിന്നും അപകടകാരിയായിരുന്നു. മൂന്ന് വര്‍ഷത്തിലധികമുള്ള തന്റെ സെഞ്ച്വറി വരള്‍ച്ചക്ക് വിരാമമിട്ട കോഹ്‌ലി, ടി-20യിലെ തന്റെ ആദ്യ ഇന്റര്‍നാഷണല്‍ സെഞ്ച്വറി തികക്കുകയും ചെയ്തു.

വിരാടിന്റെ പ്രകടനത്തിന് പിന്നാലെ ലോകകപ്പില്‍ അദ്ദേഹത്തെ ഓപ്പണറായി തന്നെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോഹ്‌ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നും പലരും ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ അതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രീതീന്ദര്‍ സോധി. വിരാട് ഓപ്പണറുടെ റോളില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അതിനാല്‍ തന്നെ രാഹുലിന് പകരം കോഹ്‌ലി തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നും അദ്ദേഹം പറയുന്നു. കെ.എല്‍. രാഹുലിന്റെ ഓപ്പണിങ് പ്രതീക്ഷകള്‍ക്ക് ചിലപ്പോള്‍ ഇത് അന്ത്യം കുറിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

ഏഷ്യാ കപ്പിലെ പ്രകടനം കണക്കിലെടുത്ത് സെലക്ടര്‍മാര്‍ വിരാടിനെ ഓപ്പണറായി തന്നെ കളിപ്പിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ന്യൂസ് സ്‌പോര്‍ട്‌സിനോടായിരുന്നു സോധി ഇക്കാര്യം പറഞ്ഞത്.

‘ഒരിക്കല്‍ വിരാട് ക്രീസില്‍ സെറ്റായാല്‍ പിന്നെ അവനെ പിടിച്ചാല്‍ കിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇവനേക്കാള്‍ മിടുക്കനായി മറ്റാരും തന്നെയില്ല.

ഗുഡ് ബോളുകള്‍ ബൗണ്ടറിയടിക്കാന്‍ അവന് സാധിക്കും. എതിരാളികള്‍ക്കൊപ്പം മികച്ച ബൗളര്‍മാര്‍ ഉള്ളതിനാല്‍ തന്നെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ബൗണ്ടറികള്‍ നേടുക എന്നത് ഏറെ പ്രധാനമാണ്.

അതുകൊണ്ട് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ സെലക്ടര്‍മാരും മാനേജ്‌മെന്റും അവനെ ഓപ്പണറായി പ്രൊമോട്ട് ചെയ്യുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്,’ സോധി പറഞ്ഞു.

ഏഷ്യാ കപ്പില്‍ മികച്ച പ്രകടനമാണ് കോഹ്‌ലി കാഴ്ചവെച്ചത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയുമായിരുന്നു താരം ഇന്ത്യക്കായി അടിച്ചെടുത്തത്.

എന്നാല്‍ രാഹുലാവട്ടെ താരതമ്യേന മോശം പ്രകടനമാണ് പുറത്തെടുത്തത്. ടി-20 ഫോര്‍മാറ്റില്‍ ഒട്ടും ഇംപാക്ട് ഉണ്ടാക്കാത്ത തരത്തിലായിരുന്നു ഏഷ്യാ കപ്പില്‍ രാഹുലിന്റെ പ്രകടനം.

Content highlight: Former India star Reetinder Sodhi about Virat Kohli and KL Rahul

We use cookies to give you the best possible experience. Learn more