| Thursday, 1st September 2022, 8:25 pm

അവന്മാരില്ലാതെ ഇവിടെ ഒന്നും നടക്കൂലാന്ന് എനിക്കറിയാം: ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് അവസാനിക്കുന്നതിന് മുമ്പ് തന്നെ വരാനിരിക്കുന്ന ടി-20 ലോകകപ്പ് മത്സരത്തിന്റെ തിരക്കിട്ട ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം.
കിരീടത്തിലേക്ക് കുതിക്കുന്ന ഇന്ത്യക്കും നായകന്‍ രോഹിത് ശര്‍മക്കും മികച്ച തുടക്കം തന്നെയായിരുന്നു ടൂര്‍ണമെന്റില്‍ ലഭിച്ചത്.

ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാനെയും ഹോങ്കോങിനെയും പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഏഷ്യാ കപ്പ് നിലനിര്‍ത്തുക എന്ന ഉറച്ച വിശ്വാസത്തിലുള്ള പ്രകടനമാണ് ഗ്രൂപ്പ് ഘട്ടങ്ങളില്‍ കാണാന്‍ സാധിച്ചിരുന്നത്.

ഏഷ്യാ കപ്പിന്റെ മുന്നോടിയായി തന്നെ ഇന്ത്യയ്ക്ക് സ്റ്റാര്‍ ബൗളറായിരുന്ന ബുംറയെ പരിക്ക് മൂലം നഷ്ടമായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയുടെ കുന്തമുനയാണ് പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. വരാനിരിക്കുന്ന ടി-20 ലോക കപ്പില്‍ താരത്തിന്റെ പ്രകടനവും ഫിറ്റ്നെസും ഇന്ത്യക്ക് വളരെ വേണ്ടപ്പെട്ടതാണ്.

കൂടാതെ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ വിജയം നേടിക്കൊടുത്ത ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത താരങ്ങളിലെരാളാണ്.

2022 ടി-20 മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ രണ്ട് മാസം കൂടെ തികച്ചില്ല. മികച്ച ഇലവനെ അണിനിരത്തി കീരിടം സ്വന്തമാക്കനുളള ഒരുക്കത്തിലാണ് ഇന്ത്യയടക്കമുള്ള എല്ലാ ടീമുകളും.

ടി-20 ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തണമെങ്കില്‍ പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന ജസ്പ്രീത് ബുംറയും ഒപ്പം ഹര്‍ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തേണ്ടത് നിര്‍ണായകമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്.

‘ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് സിങ് ബുംറയും ടീമില്‍ പ്രധാനമാണ്. ഏത് സാഹചര്യത്തിലും സമ്മര്‍ദ്ദം കൂടാതെ ബൗള്‍ ചെയ്യാന്‍ ഇരുവരും മിടുക്കരാണ്,

ഹര്‍ദിക് പാണ്ഡ്യ ലോകോത്തര താരമാണ്. ബാറ്റിങ്ങില്‍ താരത്തിന്റെ പ്രകടനം നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. കൂടാതെ വരാനിരിക്കുന്ന മത്സരങ്ങളില്‍ 140-ലധികം വേഗതയില്‍ ബൗള്‍ ചെയ്യുന്നതും കൂടെയായാല്‍ അവന്‍ ഒരു സമ്പൂര്‍ണ മാച്ച് വിന്നറാണ്, എക്‌സ് ഫാക്ടറാണ്, നിങ്ങള്‍ക്ക് എന്തെല്ലാം പേര് നല്‍കാന്‍ കഴിയുമോ അതെല്ലാമാണവന്‍.’ ഗൗതം ഗംഭീര്‍ പറഞ്ഞു.

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് മികച്ച പ്രകടനം നടത്താന്‍ ബുംറയും ഹര്‍ദിക് പാണ്ഡ്യയും ടീമിനൊപ്പം ഉണ്ടാവുന്നത് നിര്‍ണായകമാണ്. ബുംറയുടെയും ഹര്‍ദികിന്റെയും പരിക്ക് മാറി തിരിച്ചെത്താനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

content highlight: Former India star Goutham Gambhir names two stars must be included in India’s world cup squad

Latest Stories

We use cookies to give you the best possible experience. Learn more