അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ യുവതാരം രവി ബിഷ്‌ണോയ് ഉണ്ടാകണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് അനലിസ്റ്റും കമന്റേററുമായ ആകാശ് ചോപ്ര. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനമാണ് ബിഷ്‌ണോയ് പുറത്തെടുത്തതെന്നും എന്നാല്‍ ലോകകപ്പ് അടുത്ത് വരവെ താരത്തിന്റെ ചുമലില്‍ സമ്മര്‍ദമുണ്ടാകുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പരക്ക് പിന്നാലെയാണ് ചോപ്ര ബിഷ്‌ണോയിയെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അഞ്ച് മത്സരത്തിലും ഇന്ത്യന്‍ പ്ലെയിങ് ഇവലന്റെ ഭാഗമായ ബിഷ്‌ണോയ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരമ്പരയില്‍ ഒമ്പത് വിക്കറ്റ് നേടിയ താരം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ബിഷ്‌ണോയ് ലോകകപ്പ് ടീമിലുണ്ടാകണമെന്ന് ചോപ്ര അഭിപ്രായപ്പെട്ടത്.
‘ലെഗ് സ്പിന്നര്‍മാരെ പരിഗണിക്കുകയാണെങ്കില്‍, എന്റെ അഭിപ്രായത്തില്‍ രവി ബിഷ്‌ണോയിയെ സംബന്ധിച്ച് ഈ പരമ്പര ഏറെ നിര്‍ണായകമായിരുന്നു. ഇപ്പോള്‍ അവനാണ് ആദ്യ ചോയ്‌സ് (ടി-20 ലോകകപ്പ് സ്‌ക്വാഡിലെ). എന്നാല്‍ ലോകകപ്പിനോട് അടുത്ത് വരവെ അവന്റെ ചുമലില്‍ സമ്മര്‍ദമുണ്ടാകുമെന്നുറപ്പാണ്,’ ചോപ്ര പറഞ്ഞു.
പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ ബിഷ്‌ണോയിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ് 29 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തതെങ്കിലും യൂസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, മായങ്ക് മാര്‍ക്കണ്ഡേ പോലുള്ള താരങ്ങളില്‍ നിന്നും കടുത്ത മത്സരം നേരിടേണ്ടി വരുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
പരമ്പരയില്‍ ബിഷ്‌ണോയിയുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തെ കുറിച്ചും മുന്‍ ഇന്ത്യന്‍ താരം സംസാരിച്ചു.
‘ഒരു ബൈലാറ്ററല്‍ സീരീസില്‍ നിങ്ങള്‍ ഒരു ടീമിനെ പല തവണ നേരിടുന്നു. പക്ഷേ ലോകകപ്പില്‍ അങ്ങനെയല്ല, സെമി ഫൈനലില്‍ മാത്രമാണ് ശേഷം നിങ്ങള്‍ക്കവരെ നേരിടാന്‍ സാധിക്കുന്നത്. പരമ്പരയിലെ അഞ്ച് മത്സരത്തിലും അവന്‍ സ്ഥിരതയോടെ പന്തെറിഞ്ഞു. പവര്‍പ്ലേയില്‍ പന്തെറിയുകയും മികച്ച രീതിയില്‍ സാഹചര്യം കൈകാര്യം ചെയ്യുകയും ചെയ്തു. അവന്‍ പ്രധാന കാര്യങ്ങളെല്ലാം തന്നെ കൃത്യമായി കവര്‍ ചെയ്തിരുന്നു,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ടി-20 സ്‌ക്വാഡിലും ബിഷ്‌ണോയ് ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയിലുള്ളത്. ഡിസംബര്‍ പത്തിനാണ് ആദ്യ മത്സരം. കിങ്‌സ്മീഡാണ് വേദി.