| Wednesday, 31st August 2022, 6:16 pm

വിരാടില്‍ നിന്നും സെഞ്ച്വറി പ്രതീക്ഷിക്കേണ്ടെന്ന് ഇന്ത്യന്‍ ലെജന്‍ഡ്; എന്നാല്‍ ഈ മത്സരത്തില്‍ കോഹ്‌ലിക്ക് സെഞ്ച്വറി ഉറപ്പെന്ന് ശ്രീലങ്കന്‍ താരം; സെഞ്ച്വറി വരള്‍ച്ച ഇതോടെ അവസാനിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നാളത്തെ വിശ്രമത്തിന് ശേഷമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. പാകിസ്ഥാനെതിരായ ടി-20യില്‍ തരക്കേടില്ലാത്ത പ്രകടനം നടത്താനും വിരാടിനായി.

പാകിസ്ഥാനെതിരായ തന്റെ നൂറാം അന്താരാശഷ്ട്ര ടി-20യില്‍ വിരാട് സെഞ്ച്വറി നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 34 പന്തില്‍ നിന്നും 35 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഏഷ്യാ കപ്പില്‍ ഹോങ് കോങ്ങിനെതിര വിരാട് സെഞ്ച്വറി നേടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. നേരിടുന്നത് ഇത്തിരിക്കുഞ്ഞന്‍മാരെയാണെങ്കിലും ഹോങ് കോങ്ങിനെതിരെ നേടുന്ന ഓരോ റണ്ണും താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

എന്നാല്‍ ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ വിരാടില്‍ നിന്നും സെഞ്ച്വറി പ്രതീക്ഷിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വസീം ജാഫര്‍.

വിരാടിന്റെ പഴയ കളിശൈലി ഇപ്പോള്‍ കാണുന്നില്ല എന്നും വിരാടില്‍ നിന്നും സെഞ്ച്വറി പ്രതീക്ഷിക്കാനാവില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ അങ്ങനെ കരുതുന്നു. നമുക്കെല്ലാവര്‍ക്കും വലിയ ഇന്നിങ്‌സാണ് വേണ്ടത്. ഇപ്പോഴുള്ള താരത്തിന്റെ ഫ്‌ളുവന്‍സി കണക്കിലെടുത്താല്‍ അദ്ദേഹത്തില്‍ നിന്നും ഒരു സെഞ്ചറി നമുക്ക് പ്രതീക്ഷിക്കാനാവില്ല, എന്നിരുന്നാലും 56-70 റണ്‍സിന്റെ ഒരു തകര്‍പ്പന്‍ ഇന്നിങ്‌സ് നമുക്ക് പ്രതീക്ഷിക്കാം.

വ്യക്തിപരമായി അവന്റെ തിരിച്ചുവരവ് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 2016-17ല്‍ അവന്‍ കളിച്ച ആ രീതി, ആ ഒഴുക്ക് എനിക്കിപ്പോള്‍ കാണാന്‍ സാധിക്കുന്നില്ല. അവന്‍ തിരികെയെത്തുമെന്ന് തന്നൊണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ആ 60-70 റണ്‍സ് വന്നാല്‍ അവന്റെ ആത്മവിശ്വാസം വര്‍ധിക്കും,’ വസീം ജാഫര്‍ പറയുന്നു.

എന്നാല്‍ ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ വിരാട് സെഞ്ച്വറിയടിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ പേസര്‍ മഹീഷ് തീക്ഷണ. വിരാട് കോഹ്‌ലി സെഞ്ച്വറിയടിക്കുമെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട എന്നുമാണ് അദ്ദേഹം പറഞ്ഞത്.

സ്‌പോര്‍ട് 24ന് നല്‍കിയ അഭിമുഖത്തിലായിരുന്നു തീക്ഷണയുടെ ബോള്‍ഡ് സ്‌റ്റേറ്റ്‌മെന്റ്.

2019ലാണ് വിരാട് അവസാനമായി സെഞ്ച്വറിയടിച്ചത്. തുടര്‍ന്നിങ്ങോട്ടുള്ള മോശം ഫോമില്‍ വിരാട് ഏറെ പഴികേട്ടിരുന്നു.

എന്നാല്‍ വരുന്ന മത്സരത്തില്‍ മികച്ച പ്രകടനം നടത്തി വിരാട് പഴയ കിങ് കോഹ്‌ലിയാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Former India player Wasim Jaffer and Sri Lankan player Mahesh Theekshana talk about Virat’s century

We use cookies to give you the best possible experience. Learn more