| Wednesday, 6th July 2022, 9:25 pm

ഇതെന്ത് പണിയാടോ താന്‍ കാണിച്ചുവെച്ചിരിക്കുന്നത്, കോച്ചാണത്രേ കോച്ച്!! രാഹുല്‍ ദ്രാവിഡിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബുധനാഴ്ചയായിരുന്നു ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ശിഖര്‍ ധവാന് കീഴില്‍ 16 അംഗ ടീമിനെയാണ് ബി.സി.സി.ഐ പര്യടനത്തിനായി ഒരുക്കിയിട്ടുള്ളത്.

എന്നാലിപ്പോള്‍ ബി.സി.സി.ഐയെയും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ക്രിക്കറ്റ് അനലിസ്റ്റുമായ ദീപ് ദാസ്ഗുപ്ത.

ശിഖര്‍ ധവാനടക്കം എട്ട് ക്യാപ്റ്റന്‍മാരെ ഈ വര്‍ഷം തന്നെ നിയമിച്ച കോച്ചിന്റെയും ബി.സി.സി.ഐയുടെയും തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ദാസ്ഗുപ്ത രംഗത്തെത്തിയത്.

‘ഇന്ത്യയ്ക്ക് സ്റ്റേബിളായ ഒരു ക്യാപ്റ്റനുണ്ടാവേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയ്ക്ക് അണ്‍സ്‌റ്റേബിളായ ക്യാപ്റ്റന്‍മാര്‍ മാത്രമാണുള്ളത്. പ്രത്യേകിച്ചും ഇംഗ്ലണ്ട് അയര്‍ലന്‍ഡ് പര്യടനത്തിന്റെ സമയത്ത്.

പരിക്ക് കാരണമോ മറ്റെന്തെങ്കിലും കാരണത്താലോ ആണ് ക്യാപ്റ്റന്‍മാരെ മാറ്റി പരീക്ഷിക്കേണ്ടി വന്നിരിക്കുന്നത്. എന്നാലിപ്പോള്‍ രോഹിത് ശര്‍മ തിരിച്ചെത്തിയിട്ടുണ്ട്, തുടര്‍ന്നുള്ള മത്സരം കളിക്കാന്‍ ഫിറ്റുമാണ്. അനാവശ്യ പരീക്ഷണങ്ങള്‍ ഒഴിവാക്കണം,’ ദാസ്ഗുപ്ത പറയുന്നു.

ലോകകപ്പ് അടുത്ത വരികയാണെന്നും സെലക്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറയുന്നു.

‘ലോകകപ്പിന് ഇനി രണ്ട് – മൂന്ന് മാസങ്ങള്‍ മാത്രമാണുള്ളത്. നിരവധി താരങ്ങള്‍ അവരുടെ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തു കൊണ്ടിരിക്കുന്നത്.

ഇന്ത്യയ്ക്കിനി 20-22 മത്സരങ്ങള്‍ മാത്രമാണ് ലോകകപ്പിന് മുന്നോടിയായുള്ളത്. അതുകൊണ്ടുതന്നെ സെലക്ടര്‍മാര്‍ ടീമിന് വേണ്ടിയുള്ള താരങ്ങളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തുതുടങ്ങണം,’ ദാസ്ഗുപ്ത പറയുന്നു.

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇന്ത്യ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ് തുടങ്ങി ഒരു പറ്റം യുവതാരങ്ങളുമായാണ് ഇന്ത്യ കരീബിയന്‍സിനെ കീഴടക്കാനൊരുങ്ങുന്നത്.

ശിഖര്‍ ധവാനാണ് യുവതാരങ്ങളടങ്ങിയ ഇന്ത്യന്‍ പടയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. രവീന്ദ്ര ജഡേജയാണ് ടീമിന്റെ ഉപനായകന്‍.

ശിഖര്‍ ധവാനെ ടീമിന്റെ നെടുനായകത്വമേല്‍പിച്ചതോടെ ഈ വര്‍ഷം എട്ടാമത് ക്യാപ്റ്റനാണ് ഇന്ത്യയെ നയിക്കാന്‍ ഒരുങ്ങുന്നത്. പല ഫോര്‍മാറ്റുകളിലായി 2022 ജനുവരി ഒന്ന് മുതല്‍ ഇക്കാലം വരെ എട്ട് വിവിധ താരങ്ങളാണ് ഇന്ത്യയെ നയിച്ചത്.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് വ്യത്യസ്ത മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചത്.

ഐ.പി.എല്ലിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു റിഷബ് പന്ത് ക്യാപ്റ്റനായത്. കെ.എല്‍. രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് പന്തിനെ തേടി ക്യാപ്റ്റന്‍സിയെത്തിയത്.

ശേഷം നടന്ന ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയെ നയിച്ചത്. ആദ്യമായി ക്യാപ്റ്റന്‍ സ്ഥാനമേറ്റടുത്ത ഹര്‍ദിക് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയെ കിരീടം ചൂടിച്ചിരുന്നു.

രോഹിത്തിന് കൊവിഡ് ബാധിക്കുകയും കെ.എല്‍. രാഹുല്‍ പരിക്കേറ്റ് പുറത്താവുകയും ചെയ്തതോടെയാണ് ജസ്പ്രീത് ബുംറയെ തേടി ക്യാപ്റ്റന്‍സിയെത്തിയത്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലായിരുന്നു താരം ഇന്ത്യയെ നയിച്ചത്.

ഇന്ത്യ ഇംഗ്ലണ്ട് ടി-20 പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലായിരുന്നു ഡി.കെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായത്. ഡെര്‍ബി ഷെയറിനെതിരെയും നോര്‍താംപ്റ്റണ്‍ ഷെയറിനെതിരെയുമായിരുന്നു താരം ഇന്ത്യയെ നയിച്ചത്.

ഇവര്‍ക്ക് ശേഷമാണ് ധവാന്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്

Content Highlight: Former India player questions appointment of eight captains under Rahul Dravid’s tenure

We use cookies to give you the best possible experience. Learn more